മഞ്ചേരി: വിമാനയാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട പ്രവാസിക്ക് വിമാനക്കമ്പനി 15ലക്ഷം രൂപ നഷ്ടപരിഹാരംനല്‍കണമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം വിധിച്ചു. സാങ്കേതികത്തകരാറുമൂലമാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍ ഇത് പ്രവാസിക്കുണ്ടായ നഷ്ടം ചെറുതല്ലെന്ന് ഫോറം വിലയിരുത്തി.
കാളികാവ് അരിമണല്‍ മണ്ണൂര്‍ക്കര മൊയ്തീന്‍ ഒമാന്‍ എയര്‍വേയ്സ് മാനേജരെ എതിര്‍കക്ഷിചേര്‍ത്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 21 വര്‍ഷമായി സൗദിയില്‍ ജോലിചെയ്തുവരുന്ന മൊയ്തീന്‍ അവധികഴിഞ്ഞ് 2013 ഡിസംബര്‍ 24ന് തിരിച്ചെത്തേണ്ടതായിരുന്നു. അന്ന് വൈകീട്ട് കരിപ്പൂരില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രാരേഖകള്‍ ശരിയാക്കി. എന്നാല്‍ സാങ്കേതികതകരാര്‍കാരണം വിമാനം യാത്ര റദ്ദാക്കി. തൊട്ടടുത്തദിവസം ജോലിയില്‍ പ്രവേശിച്ച് വിസ പുതുക്കേണ്ടതുള്ളതിനാല്‍ ജോലിനഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
ജോലി നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരമായി 10 ലക്ഷവും മാനസികപ്രയാസമുണ്ടാക്കിയതിന് അഞ്ചുലക്ഷവും ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 13200 രൂപയും കോടതിച്ചെലവായി 10,000 രൂപയും മുപ്പതുദിവസത്തിനകം ഒമാന്‍ എയര്‍ മാനേജര്‍ കോടതിയില്‍ കെട്ടിവെക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. ഫോറം പ്രസിഡന്റ് എ.എ. വിജയന്‍, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരാണ് ഉത്തരവിട്ടത്.