തിരുവഞ്ചൂരിനും ഉമ്മൻചാണ്ടിക്കും ഗ്രൂപ്പും സഭയും ഭീഷണി; സഭയെ വരുതിയ്ക്കു നിർത്താൻ തന്ത്രങ്ങളൊരുക്കി ഉമ്മൻചാണ്ടിയും ഗ്രൂപ്പ് മാനേജർമാരും

സ്വന്തം ലേഖകൻ

കോട്ടയം: സർക്കാരിന്റെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ അതൃപ്തരായ ഓർത്തഡോക്‌സ് യാക്കോബായ സഭയുടെ ഭീഷണിയും കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധവും ഭീഷണിയാകുമെന്നു ഭയന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രിക്കു ഓർത്തഡോക്‌സ് യാക്കോബായ സഭയുടെ ഭീഷണിക്കൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ വൈരത്തേക്കൂടി നേരിടേണ്ടതുണ്ട്. ബാർവിഷയത്തിൽ സർക്കാരുമായി ഉടക്കി നിൽക്കുന്ന ഓർത്തഡോക്‌സ്, യാക്കോബായ സഭകൾക്കൊപ്പം സിഎസ്‌ഐ സഭ കൂടി കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു ഭീഷണി ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരായ പ്രധാന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചു വർഷം അധികാരത്തിൽ ഇരുന്ന യുഡിഎഫ് സർക്കാർ സഭാ പ്രശ്‌നം പരിഹരിക്കാൻ ഒരു ചെറുവിരൽ അനക്കിയില്ലെന്നതാണ് യാക്കോബായ സഭയുടെ പ്രധാന ആരോപണം. സഭാ വിഷയത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷവും മൗനം പാലിച്ചത് യാക്കോബായ സഭയ്ക്കു അനുകൂലമായിതീർന്നതായാണ് ഓർത്തഡോക്‌സ് സഭയുടെ പ്രധാന ആരോപണം. യുഡിഎഫിനെ പിൻതുണയ്ക്കുന്നില്ലെന്നു പ്രഖ്യാപിച്ച സഭ മറ്റാർക്കും പിൻതുണ പ്രഖ്യാപിക്കാതിരിക്കുന്നത് യഥാർഥത്തിൽ യുഡിഎഫിനു തന്നെയാണ് പാരയാകുന്നത്.
ഇതിനിടെയാണ് യുഡിഎഫിനുള്ളിലും കോൺഗ്രസിനുള്ളിലും പ്രശ്‌നങ്ങൾ ഉടലെടുത്തു തുടങ്ങിയിരിക്കുന്നത്. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയെ ബാർ കോഴക്കേസിൽ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണെന്നു കേരള കോൺഗ്രസിന്റെ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതേ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പിൽ സജീവമാകേണ്ടെന്ന നിർദേശമാണ് കേരള കോൺഗ്രസ് നേതൃത്വം പുതുപ്പള്ളിയെ പാർട്ടി നേതാക്കൾക്കും അണികൾക്കു നൽകിയിരിക്കുന്നത്. ഇതു മാത്രമല്ല പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ് യാക്കോബായ സഭക്കാരനാണ്. അതുകൊണ്ടു തന്നെ ഇത്തവണ പുതുപ്പള്ളിയിൽ യാക്കോബായ സഭയുടെ പിൻതുണ ജെയ്കിനു തന്നെയാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കോട്ടയം നിയോജക മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനു ഭീഷണി ഉയരുന്നത്. ഓർത്തഡോക്‌സ് സഭാ വിശ്വാസിയായ റെജി സഖറിയ ആണ് ഇവിടെ തിരുവഞ്ചൂരിനെ എതിരിടാൻ എത്തുന്നത്. 50 ശതമാനത്തിനു മുകളിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികളായ വോട്ടർമാരുള്ള ഇവിടെ സ്വാഭാവികമായും ഓർത്തഡോക്‌സ് സ്ഥാനാർഥിക്കു ഈ വോട്ടുകളുടെ 90 ശതമാനവും പോകുമെന്നാണ് കോൺഗ്രസ് ഭയപ്പെടുന്നത്. പിന്നീട് ബാക്കിയുള്ളത് പരമ്പരാഗതമായ കോൺഗ്രസ് വോട്ടുകളാണ്. നായർ, ഈഴവ വിഭാഗത്തിൽ നിന്നുള്ള വോട്ടുകളെയാണ് ഈ വിഭാഗം ലക്ഷ്യവയ്ക്കുന്നത്. എന്നാൽ, ബിജെപി – എസ്എൻഡിപി സഖ്യത്തിൽ വിജയം ലക്ഷ്യമിട്ട് ബിജെപി സ്ഥാനാർഥിയായി രംഗത്തിറക്കിയിരിക്കുന്നത് ബിഎംഎസ് നേതാവും തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ളയാളുമായ എം.എസ് കരുണാകരനെയാണ്. കഴിഞ്ഞ തവണ അയ്യായിരം വോട്ട് മാത്രം നേടിയ ബിജെപി ഇത്തവണ 25000 വോട്ടാണ് ലക്ഷ്യമിടുന്നത്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 711 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ച തിരുവഞ്ചൂരിനു ഇത്തവണ ബിജെപി പിടിക്കുന്ന വോട്ടുകൾ സമ്മർദമുണ്ടാക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് തിരുവഞ്ചൂരിനെതിരെ പ്രധാനമായും വോട്ട്മറിക്കാൻ രംഗത്ത് ഇറങ്ങുന്നത്. കോട്ടയത്തു നിന്നും തന്നേക്കാൾ ഉയരെ മറ്റൊരു നേതാവ് ഉയർന്നു വരുന്നതിനെ പണ്ടു മുതൽ എതിർത്തിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.സി ജോസഫിനെ ഉപയോഗിച്ചു തിരുവഞ്ചൂരിനെതിരെ ഇത്തവണ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കളി കളിച്ചിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കല്ലാനിയെ രംഗത്തിറക്കിയാണ് കെ.സി ജോസഫ് ഉമ്മൻചാണ്ടിക്കു വേണ്ടി തിരുവഞ്ചൂരിനു സീറ്റ് നിഷേധിക്കാൻ ശ്രമം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top