കൊല്ലം: ഓണാട്ടുകരയിലെ കാളകെട്ട് മഹോത്സവത്തിന് ഇത്തവണ സഹാനുഭൂതിയുടെ ചാരുത. ഏഴ് കരസമിതികള്‍ ഇത്തവണ കാളകെട്ട് ഉപേക്ഷിച്ചു. കാളകെട്ടിനായി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം. പ്രളയബാധിതരെ
സഹായിക്കാൻ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് ക്ഷേത്രഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഓണക്കാലത്ത് നടക്കുന്ന ഒരു ഉത്സവമാണ് കാളകെട്ട് മഹോത്സവം. എന്നാൽ, സംസ്ഥാനം ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് ഇക്കുറിയിത് പരിമിതമായി മാത്രം ആചരിക്കും.
പ്രളയം ജീവിതം കവര്‍ന്നവര്‍ക്ക് കൈതാങ്ങാകാൻ ഏഴ് കരസമിതികള്‍ കാളകെട്ട് ഉപേക്ഷി ച്ചു. കാളകെട്ടിനായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കാളകളുടെ നിര്‍മാണ ജോലികളുടെ ആദ്യഘട്ടമായ ചട്ടകൂട്ടല്‍ നടക്കുന്നതിനിടയിലാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. തുടര്‍ന്ന് ഇവര്‍ ചടങ്ങ് നിര്‍ത്തി വെയ്ക്കുകയായിരുന്നു. ജീവകാരുണ്യത്തിന്‍റെ ഉത്സവം കൂടിയായ ഓച്ചിറയിലെ കാളകെട്ടിനെ അര്‍ത്ഥപൂർണമാക്കുന്നത് കാളകെട്ട് ഉപേക്ഷിച്ച ഇവരുടെ തീരുമാനമാണ്. സമാഹരണത്തിലൂടെ നല്ലൊരു തുക കണ്‌ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. പ്രളയബാധിതരെ സഹായിക്കാൻ കാളകെട്ട് സമിതികള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് ക്ഷേത്രഭരണസമിതിയും നിര്‍ദ്ദേശിച്ചു. എന്തായാലും 52 കരകളും തീരുമാനത്തോട് യോജിച്ചാൽ കാളകെട്ട് ഉത്സവം കാരുണ്യത്തിന്‍റെ മഹാ ഉത്സവമായി മാറും.