
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കിറ്റിൽ മിഠായിപ്പൊതി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ചോക്ലേറ്റ് അലിഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് കിറ്റിൽ നിന്നും നീക്കിയത്.
മിഠായിപ്പൊതിയ്ക്ക് പകരം ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റിൽ ഉൾപ്പെടുത്തുക. പതിനേഴോളം സാധനങ്ങളാണ് ഇത്തവണ ഓണക്കിറ്റിൽ ഉണ്ടാവുക.
ഒരു മാസത്തിലേറെ നീളുന്ന കിറ്റ് വിതരണത്തിൽ ചേക്ലേറ്റ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കരുതലിലാണ് മിഠായിപ്പൊതി ഒഴിവാക്കി ബിസ്‌ക്കറ്റ് നൽകുന്നത്. ഇതോടൊപ്പം മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പാക്കറ്റോ ഉൾപ്പെടുത്തും.
ഏലക്കയും അണ്ടിപ്പരിപ്പും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ ശുപാർശ ചെയ്തിരിക്കുന്നത്.