കാസര്‍കോട് :ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു ! ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍കൂടി മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് (യഹിയ–23) മരിച്ചതായാണു വിവരം. നേരത്തേ ഇതുസംബന്ധിച്ച വിവരങ്ങള്‍ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്ക് തന്നെയാണ് ഇക്കുറിയും ബന്ധുക്കളെ വിവരമറിയിച്ചത്. അഷ്ഫാക്കിനെയും ഇവര്‍ക്കൊപ്പം കാണാതായിരുന്നു.
മൊബൈല്‍ ടെലിഗ്രാം ആപ് വഴിയാണു സന്ദേശം. അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതല്‍ വിവരമില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. കാണാതായവരില്‍ ടി.കെ. ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ് (23) എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തേ നാട്ടില്‍ ലഭിച്ച വിവരം. ഇതിനുപിന്നാലെ 13 മലയാളികള്‍ കൊല്ലപ്പെട്ടതായി വന്ന പ്രചാരണം വ്യാജമാണെന്ന നിലയിലും മൊബൈല്‍ ആപ് വഴി സന്ദേശമെത്തിയിരുന്നു.
യഹിയയ്ക്കൊപ്പം ഭാര്യ തമ്മനം സ്വദേശിയായ മെറിനെയും കാണാതായിരുന്നു. യഹിയയുടെ സഹോദരന്‍ ഈസയും 21 അംഗ സംഘത്തില്‍ ഉള്‍പ്പെടുന്നു. മെറിനെയും യഹിയയെയും ഒരുമിച്ചാണു കാണാതായതെന്നും 21 അംഗത്തില്‍ ഇരുവരും ഉള്‍പ്പെടുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരികരിച്ചിരുന്നു. മെറിനൊപ്പം പ്ലസ്ടു മുതല്‍ ഒരുമിച്ചുപഠിച്ചയാളാണു യഹിയ. കൊച്ചിയിലെ കോളജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി ഇരുവരും മുംബൈയില്‍ താമസമാക്കിയിരുന്നു. യഹിയ പലപ്പോഴും തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരുടെ വീട്ടില്‍ വന്നുപോയിരുന്നതായി സൂചനയുണ്ട്.
സംഭവത്തില്‍ ആദ്യം പരാതിയുമായെത്തിയ മെറിന്റെ സഹോദരന്‍ എബിനെ മുംബൈയില്‍ വെച്ച് മതംമാറ്റത്തിന് നിര്‍ബന്ധിച്ചവരില്‍ യഹിയയും ഉള്‍പെടുന്നതായി കണ്ടെത്തിയുരുന്നു. മെറിന്റെ മതംമാറ്റത്തിന് പിന്നിലും ഇവരുടെ പങ്കുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.