പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ജ്ഞാന പീഠ ജേതാവാണ്.

ഭൂമിക്ക് ഒരു ചരമഗീതം, തോന്ന്യാക്ഷരങ്ങള്‍, വളപ്പൊട്ടുകള്‍, ഉപ്പ്, ഒരു തുള്ളി വെളിച്ചം, മയില്‍പ്പീലി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1998ല്‍ പത്മശ്രീ പുരസ്‌കാരം നേടി, 2007ല്‍ ജ്ഞ്ാനപീഠ പുരസ്‌കാരം ലഭിച്ചു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. 2011ല്‍ പത്മവിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചു. വൈശാലിയിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. കൊല്ലം ചവറയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്എന്‍ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ന് ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ.എന്‍.വി. എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത് . അങ്ങനെ അച്ഛന്റെ ഇന്‍ഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ.എന്‍.വേലുക്കുറുപ്പും സഹൃദയര്‍ക്ക് പ്രിയങ്കരനായ ഒ.എന്‍.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലം ശങ്കരമംഗലം ഹൈസ്‌കൂളില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

1957ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കന്‍ യൂറോപ്പ് , യുഗോസ്‌ളോവ്യ, സോവിയറ്റ് യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍ , മാസിഡോണിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നീ വിദേശ രാജ്യങ്ങളില്‍ ഒ.എന്‍.വി. സന്ദര്‍ശനം നടത്തിയിട്ടുണ്ട് .

 

Top