ജനനായകന് ജനഹൃദയങ്ങളിലൂടെ ഇനി മടക്കം ; ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം ജനക്കൂട്ടം

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്ന്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് വൈകീട്ട് 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്‌കാരം,

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. വിലാപ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ 24 മണിക്കൂറും പിന്നിട്ടു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസില്‍ അനുഗമിക്കുന്നുണ്ട്. മൃതദേഹം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലാണ് ആദ്യം എത്തിക്കുക. എംസി റോഡില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്നു ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് വിലാപ യാത്ര ആരംഭിച്ചത്.

അവിടം മുതല്‍ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാന്‍ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അര്‍ധ രാത്രിയില്‍ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകള്‍ വഴിയോരത്തു നിന്നു. 61 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ എടുത്തത് 10 മണിക്കൂറിലേറെ സമയം.

കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകീട്ടാണ് പൊതു ദര്‍ശനം വച്ചിരുന്നത്. സഞ്ചരിച്ച വഴികളിലെല്ലാം വന്‍ ജനക്കൂട്ടം നിന്നതിനാല്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വിലാപ യാത്ര അദ്ദേഹത്തിന്റെ ജന്മ നാട്ടിലേക്ക് കടക്കുന്നത്. പുതുപ്പള്ളിയില്‍ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാത്തു നില്‍ക്കുന്നത്. തിരുനക്കര മൈതാനിയിലേക്കും ജനം ഒഴുകിയെത്തുകയാണ്. തിരുനക്കരയിലെ പൊതു ദര്‍ശനത്തിനു ശേഷമായിരിക്കും പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക.

Top