ഉമ്മന്‍ ചാണ്ടി സോളാറില്‍ കുടുങ്ങും…?എ. ഡി.ജി.പിയെ ഡി.ജി.പിയാക്കിയത്,ശ്രീധരന്‍ നായരുടെ കേസില്‍ നിന്ന് നിയമവിരുദ്ധമായി ഒഴിവാക്കിയതിനുള്ള പ്രത്യുപകാരമല്ലേയെന്ന് കമ്മിഷന്‍

കൊച്ചി:കള്ളങ്ങള്‍ പൊളിയുന്നു …സോളാറില്‍ ഉമ്മന്‍ ചാണ്ടി കുരുങ്ങുന്നു? സോളാറുമായി ബന്ധപ്പെട്ട മുഴുവന്‍ കേസും നിഷ്പക്ഷവും നീതിപൂര്‍വവുമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഡി.ജി. പിക്കാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ.ഡി.ജി.പി ഹേമചന്ദ്രന് ഡി.ജി.പി യായി സ്ഥാനക്കയറ്റം നല്‍കിയത് ശ്രീധരന്‍ നായരുടെ കേസില്‍ നിന്ന് നിയമവിരുദ്ധമായി ഒഴിവാക്കിയതിനുള്ള പ്രത്യുപകാരമായിട്ടല്ലേയെന്ന് കമ്മിഷന്‍ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു. ഹേമചന്ദ്രനെ കൂടാതെ നാലുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്നും ആ ആരോപണം നിഷേധിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടീം സോളാറുമായി ശ്രീധരന്‍ നായര്‍ കിന്‍ഫ്ര പാര്‍ക്കില്‍ വിന്‍ഡ് മില്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത് കിന്‍ഫ്രയില്‍ സരിതയ്ക്കുള്ള സ്വാധീനം ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി പണം നഷ്ടപ്പെട്ടപ്പെട്ടതുകൊണ്ട് ഉന്നയിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2012 ജൂലായ് 9ന് സരിതയും ശ്രീധരന്‍ നായരും താങ്കളെ കണ്ടപ്പോള്‍, നിങ്ങളെ പോലുള്ളവര്‍ ഇത്തരം പദ്ധതികള്‍ തുടങ്ങണമെന്നും സര്‍ക്കാര്‍ സഹായം ഉണ്ടാകുമെന്ന് മുഖ്യമന്തി പറഞ്ഞതായും പദ്ധതിക്ക് പണം മുടക്കുന്നതിന് സമ്മതമാണെന്നും ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി അറിയാമോ എന്നായി കമ്മിഷന്‍. ശ്രീധരന്‍ നായരും സരിതയും ഒന്നിച്ച് തന്നെ കണ്ടിട്ടില്ലെന്നും ഈ ദിവസം ശ്രീധരന്‍ നായര്‍ ഒറ്റയ്ക്ക് തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. താന്‍ പറഞ്ഞതിനാലാണ് കബളിപ്പിക്കപ്പെട്ടതെങ്കില്‍ ശ്രീധരന്‍ നായര്‍ തന്നോടല്ലേ അക്കാര്യം ആദ്യം പറയേണ്ടത് എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
ഇത് മൂന്നാം തവണയാണ്, സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ വിസ്തരിക്കുന്നത്.

Top