ബെംഗളൂരു: അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വെള്ളം പോലും തന്നിട്ടില്ലെന്നും താന്‍ തളര്‍ന്ന് വീണ് ആശുപത്രിയില്‍ അഡ്മിറ്റായ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പറഞ്ഞ ഒപി ജെയ്ഷ നിലപാട് തിരുത്തുന്നു. പറിയോ ഒളിമ്പിക്സ് മാരത്തണിനിടെ ഫെഡറേഷന്‍ അധികൃതര്‍ വെള്ളം പോലും നല്‍കിയല്ലെന്ന താന്‍ പറഞ്ഞിട്ടില്ലെന്നാണ് ജെയ്ഷ പറയുന്നത്.
ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അത്ലറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കാന്‍ തയ്യാറാണെന്നും ജെയ്ഷ പറഞ്ഞു. പരിശീലകന്‍ നിക്കോളായിയോട് എനര്‍ജി ഡ്രിങ്കുകള്‍ വേണമോയെന്ന് ഫെഡറേഷന്‍ അധികൃതര്‍ ചോദിച്ചിരുന്നതായും അദ്ദേഹമാണ് ഒന്നും വേണ്ടെന്ന് പറഞ്ഞതെന്നും ജെയ്ഷ വ്യക്തമാക്കി. ഇനി നിക്കോളായ്ക്ക് കീഴില്‍ പരിശീലിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും വ്യക്തമാക്കി. വിവാദങ്ങളുടെ പേരില്‍ വിരമിക്കില്ലെന്നും ജെയ്ഷ സൂചിപ്പിച്ചു. ഒളിമ്പിക്സിന് ശേഷം മാരത്തണില്‍ മത്സരിക്കില്ലെന്ന തീരുമാനം തുടരുമെന്നും ഇനി 1500 മീറ്ററില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജെയ്ഷ വ്യക്തമാക്കി.
നേരത്തെ റിയോ ഒളിമ്പിക്സ് മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍ അധികൃതര്‍ തന്നെ അവഗണിച്ചെന്നും മത്സര ശേഷം ആശുപത്രിയില്‍ അഡ്മിറ്റായ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജെയ്ഷ ആരോപിച്ചിരുന്നു. ജെയ്ഷയുടെ ആരോപണം വാസ്ത വിരുദ്ധമാണെന്ന് പറഞ്ഞ് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. ഇതിനിടെ റിയോയില്‍ ജെയ്ഷയോടൊപ്പം മാരത്തണില്‍ മത്സരിച്ച കവിത റൗട്ട് മലയാളി താരത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇതും മലയാളി താരത്തിന്റെ നിലപാട് മാറ്റത്തിന് കാരണമായി. പ്രതിരോധത്തിലായ ജെയ്ഷ ഫെഡറേഷനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തിരുത്തുകയായിരുന്നു.
ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രണ്ടംഗ അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്നും കായികമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.