തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാനുള്ള കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി ഇടുക്കിയിലെ യുവ ഡോക്ടറും .ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും കുട്ടികളുടെ നിരവധി നഗ്‌നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി.
സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറും ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടെ 47 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ആരോഗ്യരംഗത്ത് രാജ്യത്ത് ഒന്നാമത് നിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ അറസ്റ്റിലായത് നമ്മളെ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം സുരക്ഷിതരാണെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതിന്റെ ശരിതെറ്റുകൾ ചർച്ചയാവുമ്പോഴാണ് പോലീസിന്റെ റെയ്‌ഡും നമ്മുടെ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന തരത്തിലെ അറസ്റ്റും ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ആറ് വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്.
ഏറ്റവുമധികം കേസ് മലപ്പുറത്ത്സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 15 പേര്‍ മലപ്പുറത്ത് അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. കണ്ണൂരിൽ ഏഴു പേർ അറസ്റ്റിലായി. പത്തനംതിട്ടയിൽ ഡോക്ടർ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലും കണ്ണൂരിൽ ഒമ്പതിടത്തുമാണ് റെയ്ഡ് നടത്തിയത്. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് അശ്ലീലദൃശ്യങ്ങൾ കൂടുതലായും പ്രചരിപ്പിച്ചത്.കുടുങ്ങിയത് ഇടുക്കി കാമാക്ഷി ഹെൽതത് സെന്‍ററിലെ ഡോക്ടർ.
ഇടുക്കി കാമാക്ഷി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ വിജിത് ജൂണിനെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള വിവരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ഇടുക്കി തങ്കമണി പോലീസിലും, ഇടുക്കി സൈബര്‍ സെല്ലിലും അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളില്‍ നിന്നും ഒരു ലാപ്‌ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.
ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷംവരെ തടവും പത്തുലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും പത്തനംതിട്ട ജില്ലാപോലീസ് മേധാവി അറിയിച്ചു. ഇത്തരം ആളുകള്‍ ഇന്റര്‍പോളിന്റെയും പോലീസ് ഹൈടെക് സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ അത്യന്തം അപകടകരവും തടയപ്പെടേണ്ടതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേകം ഡ്രൈവുകള്‍ നടത്താറുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.