കോട്ടയം: ഇലക്ഷന്‍കാലത്തും അവസാനില്ലാതെ തുടരുന്ന ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് തലവേദനയായി ഇരു വിഭാഗവും. ഏത് വിഭാഗത്തിനെ തുണച്ചാലും സര്‍്ക്കാരിന് പണി കിട്ടുന്ന രീതിയിലാണ് കാര്യങ്ങള്‍. തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രശ്‌നങ്ങള്‍ അടക്കിവയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന രീതിയിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഇടപെടല്‍.
എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇരുവിഭാഗത്തിനും സ്വാധീനമുണ്ട്. ഇതില്‍ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയത്തെ നിശ്ചയിക്കാനുളള ശേഷിയും ഇരുപക്ഷവും അവകാശപ്പെടുന്നു. ഈ മേഖലകളിലെ വോട്ടിനെ സ്വാധീനിക്കുന്ന ഇടപെടലുകൾ ഉണ്ടാകാതെ നോക്കുകയാണ് സർക്കാർ.
കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നിരുന്നെങ്കിലും പള്ളിയില്‍ കയറാന്‍ ഇത്രയുംനാള്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടുവിഭാഗവും അവകാശതര്‍ക്കവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കട്ടച്ചിറ സെന്റ് മേരീസ് പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കയറിയത് ഭരണപക്ഷത്തിന്റെ ഒത്താശയോടെയാണെന്നും അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
എറണാകുളം പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചതിനെ തുടര്‍ന്നു സംഘര്‍ഷം ഉണ്ടായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഇരുവിഭാഗവും വഴങ്ങിയില്ല. ഒടുവില്‍ ഇരുവിഭാഗത്തിനും ആരാധനയ്ക്ക് സമയം അനുവദിച്ചെങ്കിലും കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യപ്രകാരം കോടതി റിസീവറെ നിയമിച്ച് ഉത്തരവായിരിക്കുകയാണ്. കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ യാക്കോബായ വിഭാഗവുമായി ഒത്തുകളിക്കുയാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ ദിവസം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരിയെയും വിശ്വാസികളെയും യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ച ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും സംഘവും കോടതി വിധി നടപ്പിലായി കിട്ടുന്നതിന്ന് ഏതറ്റംവരെ പോകുമെന്ന് പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം തുടരുന്നത് ഇടതു നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.