മധേപുര :എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ തൂക്കം 85 കിലോയോളം. ബിഹാറിലെ മധേപുര എന്ന നഗരത്തിലെ എട്ട് വയസ്സുകാരി അഞ്ജലിയാണ് അനിയന്ത്രിതമായി ശരീരത്തിന്റെ തൂക്കം വര്‍ദ്ധിക്കുന്ന അസുഖത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്നത്. ഇതിനിടയില്‍ ഈ രോഗത്തിന്റെ ചികിത്സ ചിലവുകള്‍ താങ്ങാനാവാതെ നിര്‍ധനരായ മാതാപിതാക്കള്‍ ഈ കുട്ടിയെ ഉപേക്ഷിക്കുക കൂടി ചെയ്തു. തന്റെ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും സംരക്ഷണയിലാണ് അഞ്ജലിയിപ്പോള്‍ കഴിയുന്നത്. പെണ്‍കുട്ടിയുടെ ഭീമമായ ചികിത്സ ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഈ വയസ്സ് കാലത്തും ജോലിക്ക് പോകേണ്ട അവസ്ഥയിലാണിവര്‍. ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ രോഗം മാറ്റാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിന് വലിയ തുക ആവശ്യമാണ്. ഇത് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വൃദ്ധദമ്പതികള്‍ ഇപ്പോള്‍. നാട്ടുകൂട്ടം ചേര്‍ന്ന് കുട്ടിയുടെ ചികിത്സ ചിലവുകള്‍ക്കായി സഹായ സമിതി രൂപികരിച്ചിട്ടുണ്ട്. ആദ്യമൊക്കെ സ്‌കൂളില്‍ പോകാറുണ്ടായിരുന്ന ആഞ്ജലി സഹപാഠികളുടെ കളിയാക്കലിനെ തുടര്‍ന്ന് ഇപ്പോള്‍ പോകാറില്ല. പെണ്‍കുട്ടിയുടെ സംസാര ശേഷി ഇപ്പോള്‍ കുറഞ്ഞ് വരികയാണ്. പൂര്‍ണ്ണമായും സംസാര ശേഷി ഇല്ലാതാവുന്നതിന് മുന്‍പ് രോഗം ഭേദമാക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍.