ഓക്‌സിജൻ കിട്ടിയില്ല: യുപിയിൽ 30 കുട്ടികൾ മരിച്ചു

സ്വന്തം ലേഖകൻ

ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 30 കുട്ടികൾ മരിച്ചു. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ ഉൾപ്പടെ ചികിൽസയിൽ കഴിഞ്ഞ കുട്ടികളാണ് മരണപ്പെട്ടത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. 48 മണിക്കൂറിനിടെയാണ് 30 കുട്ടികൾ മരിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എംപിയായിരുന്ന ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പ് യോഗി ആദിത്യനാഥ് ഈ ആശുപത്രിയിലെത്തി പ്രവർത്തനം വിലയിരുത്തിയിരുന്നു. ആശുപത്രിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കൂട്ട ശിശുമരണം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻസിയാണ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഓക്സിജൻ സിലിണ്ടർ നൽകുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാൽ വിതരണം നിർത്തിവെക്കാൻ നിർബന്ധിതമാകുകയായിരുന്നുവെന്നുമാണ് ഏജൻസിയുടെ വിശദീകരണം. ഉത്തർപ്രദേശിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top