കണ്ണൂർ: ആർ എസ് എസ് എടുത്ത തീരുമാനം കാരണമാണ് കണ്ണൂരിൽ സംഘർഷം കുറയാൻ കാരണമായതെന്ന് സി.പി.എം നേതാവ് പി ജയരാജൻ .തന്നെ പാർട്ടിയിൽ ആരും ഒതുക്കിയിട്ടില്ല.പാർട്ടി സെക്രട്ടറി ആല്ലാത്തതിനാൽ മീഡിയയ്ക്ക് മുന്നിൽ അധികം വരുന്നില്ല .എന്നാൽ പാർട്ടി പ്രവർത്തനത്തിൽ സജീവമാണ് .സർക്കാരിലോ പാർട്ടിയിലോ നേതാക്കളുടെ മക്കൾ ഇടപെടുന്നത് ശരിയല്ല എന്നും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജൻ പറഞ്ഞു . ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘കേരളത്തിലെ 14 ജില്ലകളിൽ 13 ജില്ലകളിലും സി പി എം. പ്രവർത്തകരെ ആർ.എസ്.എസ്. കൊലചെയ്തിട്ടുണ്ട്. മറിച്ചും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരു കണ്ണൂർ പ്രതിഭാസമായി കാണാൻ കഴിയില്ല. സമൂഹത്തിൽ നുഴഞ്ഞുകയറുന്നതിനുള്ള ഒരു വഴിയായാണ് ആർ.എസ്.എസ്. അക്രമത്തെ കാണുന്നത് -അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കാരുടെ കുടുംബം ചെയ്യുന്ന തെറ്റുകൾ വിശദീകരിക്കേണ്ട ബാധ്യത സി പി എമ്മിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി ‘സർക്കാരിലോ പാർട്ടിയിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല-അദ്ദേഹം പറഞ്ഞു.
പഴയതുപാേലുളള പരിഗണന പാർട്ടി ഇപ്പോൾ നൽകുന്നില്ലെന്ന ആക്ഷേപത്തെയും അദ്ദേഹം തളളിക്കളഞ്ഞു. ‘പാർട്ടി ഏൽപ്പിക്കുന്ന ഉത്തരാവാദിത്വം ഏറ്റെടുക്കുകയാണ് പ്രവർത്തകന്റെ ചുമതല. സെക്രട്ടറിയായിരുന്നപ്പോൾ ലഭിച്ചതുപോലുളള മാദ്ധ്യമ ശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ലായിരിക്കും എങ്കിലും ഞാൻ ജനങ്ങൾക്കിടയിൽ മുമ്പെന്നപോലെ ഇപ്പോഴും പ്രവർത്തിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതെന്ന ആക്ഷേപത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകലാനാണ് സാന്ത്വന പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതെന്ന പ്രചാരത്തെയും അദ്ദേഹം നിഷേധിച്ചു.സ്വർണകളളക്കടത്തു കേസ് വഴിതിരിച്ചുവിടാനാണ് മന്ത്രി കെടി ജലീലിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.