ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പണവും വാഹനവും ഏര്‍പ്പാടാക്കിയെന്ന് രഹസ്യ റിപ്പോര്‍ട്ട്; ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: പ്രമുഖ നേതാവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെ വധിക്കാന്‍ ശ്രമമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശി പ്രനൂബ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രനൂബിന്റെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായാണ് പോലീസ് പറയുന്നത്.

ജയരാജന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. സുരക്ഷ കുറഞ്ഞ സ്ഥലങ്ങളില്‍വെച്ച് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പാര്‍ട്ടി ഓഫീസ് അക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും മുന്നറിയിപ്പിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരിലെ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയാണ് കതിരൂരിലെ ഈ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍. കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്. സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. ജയരാജനുനേരേ നിരന്തര ഭീഷണിയുള്ളതിനാല്‍ രഹസ്യാന്വേഷണവിഭാഗം കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.

പാര്‍ട്ടി ഓഫീസ് അക്രമിക്കപ്പെട്ട സ്ഥലങ്ങളിലും മറ്റും പോകുമ്പോള്‍ ജയരാജന് പോലീസ് സുരക്ഷ കുറവാണെന്നും ഈ ഘട്ടത്തില്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരവും പോലീസ് നല്‍കുന്നുണ്ട്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ട ക്രിമിനല്‍ സംഘങ്ങളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇപ്പോഴത്തെ മുന്നറിയിപ്പിന്റെയും അടിസ്ഥാനം.

Top