ശത്രുവിനെതിരായ ആശയാക്രമണത്തില്‍ യോജിച്ച് നില്‍ക്കണം..കമ്മ്യൂണിസ്റ്റുകാര്‍ സാമൂഹിക മാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗസമരത്തിന് ഉപയോഗിക്കണമെന്ന് പി. ജയരാജന്‍

p-jayarajan-kathiroor-manoj-murder

കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പരാമര്‍ശം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത് .കമ്മ്യൂണിസ്റ്റുകാരും വിപ്ലവകാരികളും സാമൂഹികമാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗ്ഗസമരത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പി.ജയരാജന്‍.

ജയരാജന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം
രാഷ്ട്രീയ എതിരാളികള്‍ എന്നെ അനുകൂലിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപെടുത്താന്‍ ഈ അവസരം നല്ലപോലെ ഉപയോഗിച്ചു..അതിനവര്‍ കാണിച്ച വ്യഗ്രതയില്‍ നിന്ന് തന്നെ അവരുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തവുമാണ് ,പാര്‍ട്ടി ഘടകത്തില്‍ ആണ് ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ശക്തമായ നിലപാട് ഉണ്ടാവുമെന്നപോലെ തന്നെ മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയുടെ മേല്‍ കുതിരകയറാനുള്ള ഒരു സ്ഥിതിവിശേഷം ഉണ്ടാവുമായിരുന്നില്ല’ കഴിഞ്ഞ ദിവസം കൂത്തുപറമ്പിലുണ്ടായ സംഭവം സംബന്ധിച്ച് വിഷയം ഉന്നയിച്ച സ:ആകാശ് ഇന്ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലെ വരികളാണിത്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട സ്വയം വിമര്‍ശനം നടത്തിയ സ:ആകാശിന് അഭിവാദ്യങ്ങള്‍.ഒരു വിഷയം ഉണ്ടാകുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ വികാരത്തിന് അടിമപ്പെടാതെ വിവേകപരമായാണ് ഇടപെടെണ്ടത്.
ഇന്നു വിവരവിനിമയ രംഗത്ത് ദൃശ്യമാധ്യമങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. നേരത്തെ റേഡിയോ ടെലെഗ്രാഫ്,അച്ചടി പത്രങ്ങള്‍ എന്നിവയായിരുന്നു മാധ്യമങ്ങള്‍ എങ്കില്‍ പില്‍ക്കാലത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ഫലമായി ദൃശ്യമാധ്യമങ്ങള്‍ വന്നു.ഇപ്പോള്‍ നവമാധ്യമങ്ങള്‍ വിവരകൈമാറ്റ രംഗത്ത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു കൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളുടെ ഒരു പ്രത്യേകത നമുക്ക് പരസ്പരം സംവദിക്കാം എന്നതാണ്.ഇത് അറിവിന്റെ കൈമാറ്റത്തില്‍ ഒരു ജനാധിപത്യ പ്രക്രിയ സാധ്യമാക്കുന്നു.അതാണ് നവമാധ്യമത്തിന്റെ പ്രത്യേകതയും പ്രാധാന്യവും. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായിട്ടുള്ള മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇതിനെ പ്രയോജനപ്പെടുത്തണം. ഫലപ്രദമായി നവമാധ്യമങ്ങളില്‍ ഇടപെടണം. പക്ഷെ ഇതിനു ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.ജനങ്ങളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ടും വര്‍ഗ്ഗ ഐക്യം ശക്തിപ്പെടുതിക്കൊണ്ടുമാണ് വിപ്ലവപ്രസ്ഥാനങ്ങള്‍ ലോകത്തൊട്ടാകെ പ്രവര്‍ത്തിക്കേണ്ടി വരുന്നത്.
ശിഥിലീകരണ,വര്‍ഗ്ഗീയ,ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരായി ജനങ്ങളുടെ ഐക്യവും വര്‍ഗ്ഗ ഐക്യവും ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ സാമൂഹിക,സാംസ്‌കാരിക,സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ സാധ്യമാവുകയുള്ളു.ഓരോ വിപ്ലവകാരിയും ഇത് മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. നവമാധ്യമങ്ങളില്‍ ഇടപെടെണ്ടതും ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം. നമ്മള്‍ ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്ന അവസരത്തില്‍ ആ ആശയത്തിനെതിരായി ശത്രുവര്‍ഗ്ഗങ്ങള്‍ നടത്തുന്ന ആശയാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അച്ചടക്ക ബോധം കാണിക്കണം.
പ്രതിരോധം അച്ചടക്കത്തിന്റെ ഭാഗമാവണം, ആ നിലയില്‍ നമ്മള്‍ ഏത് ശക്തിയെ ആണോ പരാജയപ്പെടുത്തേണ്ടത്, ഏതൊരു പ്രസ്ഥാനത്തെ ആണോ വിപ്ലവപ്രസ്ഥാനം എന്ന നിലക്ക് മുന്നോട്ടു നയിക്കേണ്ടത് ,ആ ആശയത്തെ സംരക്ഷിച്ചുകൊണ്ടു മാത്രമേ നമുക്ക് ശത്രുവര്‍ഗത്തിന്റെ ആശയത്തെ നേരിടാനും പരാജയപ്പെടുത്താനുമാകൂ.ആ നിലക്കുള്ള അച്ചടക്ക ബോധം നവമാധ്യമാധ്യമരംഗത്ത് കാണുന്നില്ല എന്നാ കാര്യം വിമര്‍ശനപരമായിട്ടു ഉന്നയിക്കുകയാണ്. ധനമൂലധന ശക്തികള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു നേരെ, അവകാശങ്ങള്‍ക്ക് നേരെ ,സാമൂഹ്യമായിട്ടുള്ള നീതിക്കെതിരെ, വലിയ നിലയില്‍ കടന്നാക്രമാണങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ ആ ശത്രുക്കളെ ശത്രുക്കളായി കണ്ടുകൊണ്ടുള്ള ദിശാബോധത്തോട് കൂടിയുള്ള പോരാട്ടം , അതാണ് നവമാധ്യമാരഗത്തും ആവശ്യമായിട്ടുള്ളത്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചില സുഹൃത്തുക്കള്‍ ദിശാബോധം നഷ്ടപ്പെട്ടവരായി പ്രവര്‍ത്തിക്കുന്നു. സേനയ്ക്കുളില്‍ തന്നെ അച്ചടക്ക രാഹിത്യം കാണുക എന്നുള്ളത് ഒരു യുദ്ധത്തില്‍ വളരെയധികം തിരിച്ചടിക്കിടയാക്കും എന്നുള്ളത് പ്രാഥമികമായിട്ടുള്ള ഒരു പാഠമാണ്.അതുകൊണ്ട് നമ്മുടെ സൈന്യത്തെ അച്ചടക്കത്തോട് കൂടി പ്രവര്‍ത്തിപ്പിക്കുക,സൈന്യത്തിനകത്ത് വിഘടനമുണ്ടാക്കുന്ന ആളുകളെ തിരിച്ചറിയുക, ശത്രുവിനെ നേരിടാനുള്ള കരുത്ത് സംഭരിക്കുക, ഇതാണ് സാമൂഹിക,സാമ്പത്തിക,സാംസ്‌കാരിക സംവിധാനങ്ങളെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിപ്ലവകാരിയും ചെയ്യേണ്ടത്.അതിനുപകരം എന്തും വിളിച്ചുപറയാവുന്ന നില ചില സഖാക്കള്‍ സ്വീകരിക്കുന്നുണ്ട്.കമ്മ്യൂണിസ്റ്റുകാരും വിപ്ലവകാരികളും സാമൂഹികമാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗ്ഗസമരത്തിനാണ് ഉപയോഗിക്കേണ്ടത്.
അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളി നടത്താനും എതിരാളികള്‍ക്ക് പ്രചാരണായുധമാക്കാനുമല്ല. അത് നവമാധ്യമങ്ങളില്‍ ഇടപെടുന്ന ഓരോ ആളുകളും ശ്രദ്ധിക്കണം എന്നാണു എനിക്ക് പറയാനുള്ളത്. ആ നിലയില്‍ നവമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം അച്ചടക്കം പാലിച്ചുകൊണ്ട് നമുക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്തിക്കൊണ്ടു ശത്രുവിനെതിരായിട്ടുള്ള ആശയാക്രമണത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളത്. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ പോലും ഉന്നയിക്കുന്ന ചെറിയ ആക്ഷേപങ്ങള്‍ പോലും വസ്തുതാപരമായി പരിശോധിച്ച് നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം). അത്തരമൊരു പാര്‍ട്ടിയെ കുറിച്ച് അവമതിപ്പുണ്ടാകുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്താതിരിക്കാന്‍ എല്ലാ പാര്‍ട്ടി ബന്ധുക്കളും ശ്രദ്ധിക്കണമെന്ന് കൂടി അഭ്യര്‍ഥിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top