ആരുടെയും ശല്യമില്ലാതെ സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു. മലേഷ്യയിലാണ് സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട ഭാര്യ മലായ് ഭാഷയില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി. സഹോദരങ്ങളാണ് യുവാവിന് പബ്ജി ഗെയിം പരിചയപ്പെടുത്തിയത്. വൈകാതെ തന്നെ യുവാവ് ഇതിന് അടിമയായി മാറുകയായിരുന്നു.
ഇതോടെ വീട്ടില്‍ വഴക്കിടലും പിണക്കങ്ങളും തര്‍ക്കങ്ങളും പതിവായി.രാത്രി മുഴുവന്‍ തുടര്‍ച്ചയായി ഗെയിം കളിക്കുന്നതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് പ്രധാന കാരണമെന്ന് യുവതി പറയുന്നു. രാത്രി മുഴുവന്‍ കളിച്ചതുകൊണ്ടുതന്നെ രാവിലെ കൃത്യസമയത്ത് ഉണരാറില്ല. ഇത് ജോലിയെയും ബിസിനസിനെയുമെല്ലാം ബാധിച്ചു.
നിരന്തരം ഗെയിം കളിക്കുന്നതിനെ ചൊല്ലി ഭാര്യ വഴക്കിടുമ്പോള്‍ ഉത്തരവാദിത്വമില്ലാത്തവള്‍ എന്ന് വിളിച്ചു അയാള്‍ വഴക്കിടുമായിരുന്നു. ഭര്‍ത്താവ് ഞങ്ങളെ വിട്ടുപോയിട്ട് ഒരുമാസമായി. ഇതെല്ലാം അനുഭവിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല. പബ്ജി ഗെയിമിന് അടിമയായി തീരുന്നതിന് മുന്‍പ് ഇത്രയേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നാലുവര്‍ഷം മുന്‍പ് ഗെയിം കളിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങളാകെ മാറിമറഞ്ഞതെന്നാണ് ഭാര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മലേഷ്യയില്‍ മാത്രമല്ല പബ്ജി ഗെയിം ഇന്ത്യയിലും വലിയ സാമൂഹ്യപ്രശ്‌നമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ പ്രൈമറി സ്‌കൂളുകളിലും പബ്ജി നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഗുജറാത്ത് സര്‍ക്കാരും നോട്ടീസ് നല്‍കിയിട്ടുണ്ട്. പബ്ജി കളിക്കാന്‍ 37,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനം നൊന്ത് അടുത്തിടെ മുംബൈയില്‍ 18കാരന്‍ ആത്യമഹത്യ ചെയ്തിരുന്നു.