നോട്ട് പിന്‍വലിക്കല്‍:ആവശ്യമെങ്കില്‍ മോദിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ചുവരുത്തുമെന്ന് കെ.വി. തോമസ്

ന്യൂഡല്‍ഹി:ആര്‍ബിഐ ഗവര്‍ണറോട്‌ പിഎസി വിശദീകരണം തേടി.നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണറോട്‌ പാര്‍ലമെന്ററി സമിതി വിശദീകരണം തേടി.മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ വി തോമസ്‌ അധ്യക്ഷനായ പാര്‍ലമെന്റ്‌ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി(പിഎസി)കമ്മിറ്റിയാണ്‌ വിഷയത്തില്‍ റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേലിനോട്‌ വിശദീകരണം തേടിയിരിക്കുന്നത്‌. ഈമാസം 28ന്‌ മുമ്പ്‌ പാര്‍ലമെന്ററി സമിതിക്ക്‌ മുന്നില്‍ ഹാജരായി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നാണ്‌ ആര്‍ബിഐ ഗവര്‍ണര്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി)ക്കു മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് അധ്യക്ഷന്‍ കെ.വി.തോമസ്. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആരോടും വിശദീകരണം തേടാന്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററികാര്യ സമിതിയായ പിഎസിക്ക് അധികാരമുണ്ടെന്ന് കെ.വി.തോമസ് വ്യക്‌തമാക്കി. സമിതി അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചാല്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള വകുപ്പുമുണ്ടെങ്കിലും, ബിജെപിക്ക് ഭൂരിപക്ഷമുള്ള പിഎസിയില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്താനുള്ള തീരുമാനം ഉണ്ടാകുമോ എന്നത് സംശയമാണ്.

നോട്ട് റദ്ദാക്കല്‍ നടപടിയില്‍ വിശദീകരണം തേടി പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് സമന്‍സ് അയച്ചിരുന്നു. നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച് പത്ത് ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജനുവരി 28നു മുമ്പ് നേരിട്ട് ഹാജരാകണമെന്നു നിര്‍ദേശിച്ച് പിഎസി സമന്‍സയച്ചത്. 500 രൂപ, 1000 രൂപ നോട്ടുകള്‍ അര്‍ധരാത്രിയില്‍ പിന്‍വലിക്കാനുള്ള കാരണം, തീരുമാനത്തില്‍ റിസര്‍വ് ബാങ്കിന്റെ പങ്ക്, ഇതുമൂലം സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ടു മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചത് എന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികാരം ദുര്‍വിനിയോഗം ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നല്‍കണമെന്നാണ് പിഎസി അയച്ച സമന്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് റദ്ദാക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കും ഡയറക്ടര്‍ ബോര്‍ഡും ചേര്‍ന്നെടുത്തതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പിലാക്കുകയായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇതിനോടു യോജിക്കുന്നുണ്ടോ എന്നാണ് ഒന്നാമത്തെ ചോദ്യം.

തിടുക്കത്തില്‍ നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കാരണമെന്താണ്, എന്തിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്, നവംബര്‍ എട്ടിന് റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ അടിയന്തരമായി യോഗം ചേര്‍ന്നിരുന്നോ, ആരൊക്കെ യോഗത്തില്‍ പങ്കെടുത്തു, യോഗം എത്ര നേരം നീണ്ടു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച സമിതി, ഇതുസംബന്ധിച്ച മിനിട്സ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് എടിഎമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പിന്‍വലിക്കുന്ന പണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നതിനും സമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഏതു നിയമപ്രകാരമാണു പിന്‍വലിക്കാവുന്ന പണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്? രാജ്യത്തെ നോട്ട് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐക്ക് എന്ത് അധികാരമാണുള്ളത്? നിങ്ങള്‍ പറയുന്ന നിയമങ്ങള്‍ ഇല്ലാത്തതാണെങ്കില്‍ എന്തുകൊണ്ടു നിങ്ങളെ പ്രോസിക്യൂട്ട് ചെയ്തുകൂടാ? അധികാര ദുര്‍വിനിയോഗത്തിന് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിക്കൂടാ? കഴിഞ്ഞ രണ്ടു മാസമായി എന്തിനാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മാറ്റിമറിച്ചത്. പണം പിന്‍വലിക്കുന്നവരുടെ കൈവിരലില്‍ മഷി പുരട്ടാനുള്ള ആശയം ഏത് ആര്‍ബിഐ ഓഫീസറുടേതാണ്? വിവാഹത്തിന് പിന്‍വലിക്കാവുന്ന തുക സംബന്ധിച്ച ഡ്രാഫ്റ്റ് തയാറാക്കിയതാര്? ഡ്രാഫ്റ്റ് തയാറാക്കിയത് സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ ആര്‍ബിഐ ഇപ്പോള്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഉപവിഭാഗമാണോ? നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് എത്രമാത്രം പഴയ നോട്ടുകളാണ് ബാങ്കിലെത്തിയത്? എത്രമാത്രം നോട്ടുകള്‍ റദ്ദാക്കപ്പെടുമെന്നാണ് സര്‍ക്കാരിനു നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്? എന്തുകൊണ്ടാണ് നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാത്തത്? വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്‍നിന്ന് റിസര്‍വ് ബാങ്കിനെ ഒഴിവാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച നടപടികള്‍ക്കും പ്രശ്നം പരിഹരിക്കുന്നതിനുമായി 50 ദിവസമാണ് പ്രധാനമന്ത്രി തേടിയിരുന്നതെന്നും അതുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്തുന്നത് ജനുവരിയിലേക്കു നീക്കിവച്ചതെന്നും പ്രഫ. കെ.വി. തോമസ് പറഞ്ഞു.അതേസമയം നോട്ട്‌ പിന്‍വലിക്കലിനെ വീണ്ടും ന്യായീകരിച്ച്‌ ധനമന്ത്രി അരുണ്‍ ജെയറ്റ്ലി രംഗത്തെത്തി. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ്വ്‌ കൈവന്നതായും, നൂതന സാങ്കേതികവിദ്യയെയും പരിഷ്കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട്‌ ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ്‌ ജയ്റ്റ്ലിയുടെ പ്രതികരണം. പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ എങ്ങനെ പാര്‍ലമെന്റ്‌ തടസപ്പെടുത്താമെന്നതിനെക്കുറിച്ചാണ്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.കള്ളപ്പണത്തിനും സമ്പദ്‌വ്യവസ്ഥയുടെ ശത്രുക്കളെ നേരിടാനുമായാണ്‌ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. നോട്ട്‌ നിരോധനത്തില്‍ ചെയ്തതെല്ലാം ഫലം കണ്ടിട്ടുണ്ട്‌.ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി, നികുതി ഭരണനിര്‍വഹണത്തില്‍ കൃത്യത കൊണ്ടുവരും. നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമമായിരിക്കും അത്‌. 1000, 500 നോട്ടുകളുടെ പിന്‍വലിക്കലും പുതിയ നോട്ടുകള്‍ കൊണ്ടുവന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top