ശബരിമല സ്ത്രീ പ്രവേശനം ആചാര ലംഘനമാണെന്നും സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടാകുന്നത് ക്ഷേത്രത്തെ തകര്‍ക്കുമെന്നുമുള്ള വിവാദങ്ങളും തുടര്‍ന്നുള്ള അക്രമങ്ങളും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചര ലംഘനങ്ങൾ കണ്ടെത്തുന്നതിലാണ് പലരുടേയും ശ്രദ്ധ. ഹൈന്ദവ ക്ഷേത്രങ്ങളെ ആരാധകരില്‍ നിന്നും അകറ്റുന്ന പ്രക്രിയയാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അവസാനമായി ആചാര ലംഘനം കണ്ടെത്തിയിരിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ആയിരക്കണക്കിന് ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പ്രചാരണമാണ് ഉണ്ടായത്. അഹിന്ദുക്കള്‍ കയറിയെന്ന സംശയത്തെത്തുടര്‍ന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി.
കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകല്‍ദര്‍ശനത്തിന് എത്തിയവരുടെ കൂട്ടത്തില്‍ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പോലീസിന്റെ സി.സി.ടി.വി. ക്യാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇവര്‍ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളില്‍ കയറിയതായി പോലീസ് അറിയിച്ചു.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. അഹിന്ദുക്കള്‍ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തി പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് നിര്‍ദേശിക്കുകയായിരുന്നു.
അല്‍പ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ചു. പരിഹാര പൂജകള്‍ക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്തും നിര്‍ത്തിവെച്ചു. തുടര്‍ന്ന് ക്ഷേത്രനട അടച്ചു.
ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ദൃക്സാക്ഷികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ശുദ്ധീകരണക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്തിയത്. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകള്‍ വീണ്ടും നടത്തി. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചവര്‍ അഹിന്ദുക്കളല്ലെന്നും, പ്രവേശിച്ചവരുടെ കൂടെ എത്തിയവര്‍ ക്ഷേത്രത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ് ചെയ്തതെന്നും പിന്നീട് വിവരം ലഭിച്ചു.