ദേശീയ മാധ്യമങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനും 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഹുന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുമായി കോടികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോബ്രപോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തു വിട്ടു.ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടുക. ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മാത്രം വാര്‍ത്തകള്‍ പുറത്തുവിടുക തുടങ്ങിയ കാര്യങ്ങളാണ് മാധ്യമ സ്ഥാപനങ്ങള്‍ അംഗീകരിച്ചത്.
കോബ്ര പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ ശര്‍മ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യം ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, പിന്നീട് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. പിന്നീട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കുക എന്നിങ്ങനെയാണ് പുഷ്പ ശര്‍മ്മ മുന്നോട്ടു വെച്ച ക്യാംമ്പയിന്‍ രീതി. ഇതില്‍ ബര്‍ത്തമാന്‍ പത്രിക, ദൈനിക സമ്പദ് എന്നീ രണ്ടു മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന ധീരമായ നിലപാട് സ്വീകരിച്ചത്. വലിയ ഓഫര്‍ മുന്നില്‍ വെച്ചിട്ടും ഇവര്‍ പ്രലോഭിതരായില്ല.
ഹുന്ദുത്വ ധ്രുവീകരണമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി പ്രമുഖ ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്.
ടൈംസ് ഓഫ് ഇന്ത്യയെ കൂടാതെ രണ്ട് ഡസനോളം മറ്റ് മാധ്യമങ്ങളും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗ്‌രണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്ന മറ്റ് മാധ്യമങ്ങള്‍. 2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയിലെ ദേശീയ മധ്യമങ്ങള്‍ നൂറു കണക്കിന് കോടി രൂപ വാങ്ങി ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു.