ഇസ്ളാമാബാദ് : പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയായി ഷഹബാസ് ഷെരിഫ് ആകും .പനാമ പേപ്പർ വിവാദത്തിൽ സുപ്രീംകോടതി വിധി പ്രതികൂലമായതോടെയാണ് നവാസ് ഷെരീഫ് രാജിവെച്ചത്. നവാസ് ഷെരീഫിന് പകരമായിട്ടാണ് സഹോദരനായ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകുന്നത്. നവാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. പാർലമെന്റ് അംഗത്വമില്ലാത്ത ഷഹബാസിന്, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും.
പനാമ അഴിമതിയിൽ ഷെരീഫ് കുറ്റക്കാരനാണെന്ന് പാകിസ്ഥാൻ സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മൂന്നു തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായത്. എന്നാൽ മൂന്ന് തവണയും കാലാവധി തികയ്‌ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ഒരു തവണ പട്ടാള അട്ടിമറിയിലൂടെയാണ് നവാസ് പുറത്തുപോയത്. എങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കോടതി അനുമതി നൽകുകയാണെങ്കിൽ, നവാസ് ഷെരീഫ് വിജയിക്കുമെന്നും പ്രധാനമന്ത്രി പദവി വീണ്ടെടുക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.