pakistan-airlineഇസ്ലാമാബാദ്: പറന്നുയര്‍ന്നതിന് ശേഷം ക്യാപ്റ്റന്‍ വിമാനത്തില്‍ കിടന്ന് ഉറങ്ങിയെന്ന ആക്ഷേപത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ഇത്തവണ ചൈനീസ് യുവതിയെ കോക്ക്പിറ്റില്‍ കയറാന്‍ അനുവദിച്ചതാണ് പിഐഎ പൈലറ്റ് വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്. ടോക്കിയോയില്‍നിന്നു ബെയ്ജിങ്ങിലേക്ക് ഈ ആഴ്ച നടത്തിയ യാത്രയിലാണ് പൈലറ്റിന്റെ ഭാഗത്തുനിന്നു കടുത്ത സുരക്ഷാവീഴ്ചയുണ്ടായത്. വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനെ ഏല്‍പിച്ചശേഷം രണ്ടരമണിക്കൂര്‍ ബിസിനസ് ക്ലാസ് യാത്രക്കാരുടെ കാബിനില്‍ പോയിക്കിടന്ന് ഉറങ്ങിയ പൈലറ്റിനെതിരെ പിഐഎ നടപടി എടുത്തിരുന്നു.
ടോക്കിയോയില്‍നിന്നു ബെയ്ജിങ്ങിലേക്കുപോയ പിഐഎ വിമാനം പികെ-853ന്റെ ക്യാപ്റ്റന്‍ ഷഹസാദ് അസീസ് ആണ് ചൈനീസ് യുവതിയെ കോക്ക്പിറ്റിലേക്കു ക്ഷണിച്ചതെന്നു പാക്ക് ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ വിമാനത്തില്‍ ചാനലിന്റെ ഒരു പ്രതിനിധി യാത്ര ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് അവകാശവാദം. കോക്ക്പിറ്റില്‍ കയറിയ യുവതിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കാബിന്‍ ഭാഗത്തു കയറിയോ എന്ന കാര്യം യുവതി സ്ഥിരീകരിക്കുന്നില്ല. പൈലറ്റിനും ഫസ്റ്റ് ഓഫിസര്‍ക്കുമൊപ്പം കോക്ക്പിറ്റില്‍ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം മാത്രമാണു യുവതി പുറത്തുവന്നത്.
രണ്ടുമണിക്കൂറിനടെ ഇടയ്ക്കു പൈലറ്റും യുവതിയും മാത്രമായിരുന്നു കോക്ക്പിറ്റിലെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിന്റെ സുഹൃത്തോ ബന്ധുവോ ആണോ എന്നു ചോദിച്ചപ്പോള്‍ യുവതി മറുപടി നല്‍കിയില്ല. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് അന്നു വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുമായി ബന്ധപ്പെടുകയാണെന്നു വിമാനക്കമ്പനി അറിയിച്ചു. ഒരു യാത്രക്കാരനെ കോക്ക്പിറ്റില്‍ കയറ്റുന്നത് വലിയ സുരക്ഷാപ്രശ്‌നമല്ലെന്ന് പിഐഎ വക്താവ് പ്രതികരിച്ചു. സാധാരണ ഗതിയില്‍ വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു പുറത്തുനിന്നുള്ളവരെ കോക്ക്പിറ്റില്‍ കയറ്റാറില്ല.
വിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയെ ഏല്‍പ്പിച്ച ഉറങ്ങിയ ക്യാപ്റ്റന്‍ അമിര്‍ അക്ഹ്തര്‍ ഹാഷ്മിക്കെതിരെ കഴിഞ്ഞ ദിവസമാണ് പാക്ക് എയര്‍ലൈന്‍സ് നടപടി സ്വീകരിച്ചത്. ഏപ്രില്‍ 26ന് ഇസ്‌ലാമാബാദ് ലണ്ടന്‍ വിമാനം പറന്നുയര്‍ന്നുകഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ അമിര്‍ അക്ഹ്തര്‍ ഹാഷ്മി നിരുത്തരവാദപരമായി കിടന്നുങ്ങിയെന്നായിരുന്നു പരാതി. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.