ലണ്ടന്‍: മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. സിറിയയെക്കാള്‍ മൂന്ന് മടങ്ങ് ഭീഷണിയാണ് പാകിസ്ഥാന്‍ ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായി രാജ്യം മാറുകയാണ്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.
അഫ്ഗാനിലെ താലിബാന്‍, ലഷ്‌കറെ തയിബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘങ്ങള്‍. ഭീകരര്‍ക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനാണു മുന്നില്‍. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു കാണാം. അഫ്ഗാനിസ്ഥാനിലും ഭീകരസംഘങ്ങളുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് പറയുന്നു.
ഭാവി ദശകത്തില്‍ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെക്കുറിച്ചുമാണ് 80 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പലവിധ തീവ്രവാദങ്ങള്‍ വര്‍ധിക്കുന്നതും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി ബാധിക്കും. ഇവയെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വിവിധ രാജ്യങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന 200 സംഘങ്ങളെ നിരീക്ഷിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
വാര്‍ത്തകളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഇടംനേടാറുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. അല്‍ഖായിദയ്ക്കാണു സംഘടനാശേഷി കൂടുതല്‍. ഒസാമ ബിന്‍ ലാദന്റെ മരണശേഷം മകന്‍ ഹംസ ബിന്‍ ഒസാമ ബിന്‍ ലാദനാണ് അല്‍ഖായിദയെ നയിക്കുന്നത്.
സര്‍ക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പിന്തുണ മിക്ക ഭീകരസംഘങ്ങള്‍ക്കും കിട്ടുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭീകരര്‍ സജീവമാണ്. ഇവയ്‌ക്കെല്ലാം പരസ്പരബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.