പാലക്കാട് : പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 40. ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണിവരെയുള്ള കണക്കിൽ 2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്. മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല.
അതേസമയം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എൻഡിഎ സ്ഥാനാർഥി ഐ കൃഷ്ണകുമാർ. പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങൾ ഇപ്രാവശ്യം രേഖപ്പെടുത്തുക എന്നും ചരിത്രപരമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടാകുമെന്നും വോട്ട് ചെയ്ത ശേഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻ എൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എന്നിവരും വോട്ടു ചെയ്തു
അതേ സമയം, പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22 ൽ വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. ഇവിടെ ആളുകളുടെ നീണ്ട നിര വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്. മാത്തൂരിൽ ബൂത്ത് 154 ൽ സിപിഎം അനാവശ്യമായി ഓപ്പൺ വോട്ടുകൾ ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാവിലെ ഇവിടെ ഇരട്ടവോട്ടിന്റെ പട്ടികയുമായി സിപിഎം എത്തിയിരുന്നു. പിന്നാലെയാണ് ഓപ്പൺ വോട്ടിൽ യുഡിഎഫ് പരാതി ഉയർത്തിയത്.