കൊച്ചി: മംഗളം സിനിമാ വാരികയുടെ എഡിറ്റർ സ്ഥാനം പല്ലിശേരി ഒഴിയുന്നു. മംഗളം മാനേജ്‌മെന്റിന്റെ മനസ്സറിഞ്ഞാണ് മുതിർന്ന മാധ്യമ പ്രവർത്തകന്റെ പടിയിറക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പല്ലിശേരി എഴുതിയ കോളം ഏറെ ചർച്ചയായിരുന്നു. ആക്രമണത്തിന് പിന്നിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹം മുടക്കിയതിന്റെ പകയാണെന്ന് വെളിപ്പെടുത്തിയതും പല്ലിശേരിയാണ്. തുടക്കത്തിൽ ഇതിനെ ഏവരും അവഗണിച്ചു. എന്നാൽ ദിലീപ് അറസ്റ്റിലായതോടെ പല്ലിശേരി സത്യം എഴുതകയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ മംഗളം സിനിമയുടെ സർക്കുലേഷനും കുതിച്ചുയർന്നു. അവസാനം നിർണ്ണായക സമയത്ത് മാനേജ്‌മെന്റ് പല്ലിശേരിയെ കൈവിട്ടു. മംഗളം ഗ്രൂപ്പ് സ്ഥാപനങ്ങൾ ചെറിയ പ്രതിസന്ധിയിലാണ്. മംഗളം ടിവിയുമായി ബന്ധപ്പെട്ടാണ് ഇത്. ഈ സാഹചര്യത്തിൽ കരുത്തരായ ശത്രുക്കളെ ഉണ്ടാക്കാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. ഈ സന്ദേശം പല്ലിശേരിക്ക് കൈമാറി. ഇതോടെയാണ് രാജിവയ്ക്കാൻ പല്ലിശേരി തയ്യാറാകുന്നത്. നാളെ പല്ലിശേരി ചുമതല ഒഴിയും. പുതിയ ലക്കം മംഗളം സിനിമയിൽ അഭ്രലോകം എന്ന പതിവ് കോളവും പല്ലിശേരി എഴുതുന്നില്ല. മംഗളം സിനിമയുടെ കഴിഞ്ഞ ലക്കത്തിൽ ചില നിർണ്ണായക വിവരങ്ങൾ മംഗളം സിനിമ പുറത്തുവിട്ടിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നിൽ മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ വാദം. ഈ നിലപാടാണ് ഒരു അഭിഭാഷകന്റെ തുറന്നുപറച്ചിലിലലൂടെ പല്ലിശേരി പൊളിച്ചത്. ഇതിനെ തുടർന്നാണ് പല്ലിശേരിക്ക് ജോലി നഷ്ടമായതെന്നാണ് സൂചന. മംഗളം ഗ്രൂപ്പിലേക്ക് പുതിയൊരു മാനേജ്‌മെന്റ് വിദഗ്ധൻ എത്തിയിരുന്നു. മനോരമയിൽ മുൻ ജോലി പരിചയമുള്ള ഇയാൾ എല്ലാം ലാഭത്തിലാക്കാമെന്നാണ് മംഗളത്തിന് കൊടുത്തിരിക്കുന്ന ഉറപ്പ്. ഇയാളുടെ ആവശ്യപ്രകാരമാണ് ദിലീപിന് എതിരായ എഴുത്തുകൾ മംഗളം നിർത്തുന്നത്. ഇതിന്റെ ഭാഗമായാണ് പല്ലിശേരിയെ സിനിമാ മംഗളത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. മംഗളം സിനിമ മതിയാക്കുന്നുവെന്ന ന്യായം മംഗളം മാനേജ്‌മെന്റ് ചിലരോട് പറയുന്നുണ്ട. എന്നാൽ മംഗളം സിനിമയിലെ മറ്റാരോടും രാജി ആവശ്യപ്പെട്ടതുമില്ല. മംഗളത്തിന്റെ പത്രം അടക്കമുള്ള മറ്റ് പ്രസിദ്ധീകരണത്തിൽ നിന്നും പല്ലിശേരിയെ മാറ്റി നിർത്തുന്നു. ഇതിന് പിന്നിൽ ദിലീപിന്റെ വൈരാഗ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ദിലീപിന്റെ സമ്മർദ്ദം ഫലം കണ്ടു. അങ്ങനെ പല്ലിശേരിക്ക് ജോലിയും പോയി എന്നാണ് വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഉടൻ ആരംഭിക്കും. ബാക്കി പത്രങ്ങളും ചാനലുകളുമൊന്നും ദിലീപിനെ വെട്ടിലാക്കുന്ന എക്‌സ്‌ക്ലൂസീവുകൾ കൊടുക്കുന്നില്ല. പല്ലിശേരിയാണ് തന്റെ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ച് പലതും റിപ്പോർട്ട് ചെയ്യുന്നത്. വിചാരണ അട്ടിമറിക്കാൻ കാശിന്റെ കളി നടക്കുന്നുവെന്ന് പോലും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മഞ്ജുവിനെതിരായ ഗൂഢാലോചനക്കഥ പൊളിച്ചത്. ഇത് ദിലീപ് ക്യാമ്പിന് വലിയ ക്ഷീണമാണ്. പല്ലിശേരിയുടെ വാദമുയർത്തി ദിലീപിന്റെ ഗുഡാലോചന പൊളിക്കാൻ പ്രോസിക്യൂഷന് കഴിയും. ഇതും വലിയ തിരിച്ചടിയാണ് ദിലീപിന് നൽകുന്നത്. ഈ സാഹചര്യത്തിൽ വിചാരണയിൽ ദിലീപിന് എതിരാകുന്ന വാർത്തകൾ മംഗളത്തിൽ വരരുതെന്ന് ചില കേന്ദ്രങ്ങൾ ആഗ്രഹിച്ചു. ഇതിന്റെ പ്രതിഫലനമാണ് പല്ലിശേരിയുടെ രാജിയിൽ നിഴലിക്കുന്നത്.
സുജാ കാർത്തികയുമായും ചില വെളിപ്പെടുത്തലുകൾ പല്ലിശേരി നടത്തിയിരുന്നു. പീഡന ദൃശ്യങ്ങൾ സുജാ കാർത്തിക കണ്ടു എന്ന് ചിലർ തന്നോട് പറഞ്ഞുവെന്നായിരുന്നു പല്ലിശേരിയുടെ നിലപാട് വിശദീകരണം. ഇതും ദിലീപ് ക്യാമ്പിന് അലോസരമായിരുന്നു. ഇതിനിടെ ദിലീപിനെ കുടുക്കിയ കേസിൽ മഞ്ജുവിന് യാതൊരു പങ്കുമില്ലെന്ന വെളിപ്പെടുത്തലും എത്തി. അഡ്വ. വികെ ജ്ഹഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തിയത്. എഡിജിപി സന്ധ്യയ്ക്കെതിരേയും ദിലീപ് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതെല്ലാം ദിലീപിനെ തന്നെ തിരിച്ചുകടിക്കുമെന്നാണ് അഡ്വക്കേറ്റ് വിശദീകരിക്കുന്നത്. കേസിലേക്ക് മഞ്ജുവും സന്ധ്യയും ശ്രീകുമാർ മേനോനും ബിനീഷ് കോടിയേരിയും എത്തുന്നത് തന്റെ ഭാവനയുടെ ഫലമാണെന്ന് അഡ്വക്കേറ്റ് പറയുന്നു. ദിലീപിന് വേണ്ടി താൻ തയ്യാറാക്കിയ റിട്ട് ഹർജിയിലെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നതെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്ന തരത്തിലാണ് മംഗളം സിനിമയിലെ അഡ്വ ജഹ്ദറിന്റെ വെളിപ്പെടുത്തൽ മംഗളം സിനിമയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹർജി തയാറാക്കിയ എനിക്കു മാത്രമേ ഞാൻ തന്നെ തയാറാക്കിയ ഹർജിയിൽ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങൾ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികൾ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാൽ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപൽ സംശയം വേണ്ട. ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തിൽ ജാമ്യഹർജിയിൽ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹർജിയിൽ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോൾ മൂന്നാം ജാമ്യഹർജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹർജിയിൽ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാർ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാൻ കാരണം.-ഇതായിരുന്നു വക്കീൽ വിശദീകരിച്ചത്. മംഗളം സിനിമയിലെത്തിയ ഈ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതാണ് പല്ലിശേരിക്ക് പണി പോകാൻ കാരണം. ഇത്തരം റിപ്പോർട്ടുകൾ വാരികയുടെ സർക്കുലേഷൻ ഉയർത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറിയതാണ് പല്ലിശേരിക്ക് വിനയായത്. നാനയിലെ സിനിമാ റിപ്പോർട്ടുകളിലൂടെയാണ് പല്ലിശേരി ചലച്ചിത്ര മാധ്യമ പ്രവർത്തകനെന്ന നിലയിൽ ശ്രദ്ധേയനായത്. ആറു വർഷമായി സിനിമാ മംഗളത്തിനൊപ്പമായിരുന്നു യാത്ര. ഇതിനാണ് വിരാമമാകുന്നത്.