നെന്മേനി: പീഡനാരോപണത്തെ തുടര്‍ന്ന് നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വീടനുവദിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് കോളിയാടി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥാനം രാജിവെച്ചത്. നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. കറപ്പനെതിരേയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സിപിഎമ്മാണ് നെന്മേനി പഞ്ചയാത്ത് ഭരിക്കുന്നത്. വീട് വയ്ക്കുന്നതിന് വേണ്ടി യുവതി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വീടനുവദിക്കാനുള്ള സ്ഥലം വയല്‍ ആയതിനാല്‍ കളക്ടറുടെ അനുമതിയാണ് വേണ്ടതെന്നും ഇത് തരപ്പെടുത്തി തരാമെന്നും പ്രസിഡന്റ് ഇവരോട് പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു.
വീട് തരപ്പെടുത്തി നല്‍കിയാല്‍ ചെലവുചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. പണമാണ് വേണ്ടതെങ്കില്‍ ഭര്‍ത്താവ് വന്നിട്ട് പറയാമെന്ന് യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് പണമല്ല വേണ്ടതെന്നും പകരം യുവതിയെ വേണമെന്നും വഴങ്ങിക്കൊടുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ പിന്നീട് പലതവണ ഈ ആവശ്യം പറഞ്ഞ് ഫോണില്‍ ശല്യപ്പെടുത്തി. ബുധനാഴ്ച 11.15ന് യുവതി തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തിയ പ്രസിഡന്റ് കയറിപ്പിടിച്ചെന്നും ബഹളംവെച്ച് ആളെക്കൂട്ടിയപ്പോള്‍ അടുക്കളവാതിലിലൂടെ ഓടിയെന്നും പരാതിയില്‍ പറയുന്നു.