പുര നിറഞ്ഞ് നിൽക്കുന്ന യുവാക്കളെ പെണ്ണുകെട്ടിക്കാൻ ഒരുങ്ങുന്ന പാനൂർ പോലീസിന്‍റെ ശ്രമങ്ങൾക്കെതിരേ ഡിവൈഎഫ്ഐ. പാനൂരിലെ യുവാക്കളുടെ വിവാഹം നടക്കാത്തതിനു കാരണം രാഷ്‌ട്രീയ സംഘർഷങ്ങളാണെന്ന പോലീസ് ഭാഷ്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പാനൂർ പോലീസിന്‍റെ കേമത്തം വിളമ്പാൻ ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം തരംതാണ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഒറ്റപ്പെട്ട രാഷ്‌ട്രീയ സംഘർഷങ്ങളും വിവാഹജീവിതവും തൊഴിലുമായി കോർത്തിണക്കുന്ന പോലീസ് ഭാഷ്യം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ആദർശ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളോട് പാനൂരിലെ മാത്രമല്ല ഇന്ത്യയിലൊട്ടാകെയുള്ള യുവജനപ്രസ്ഥാനങ്ങൾ പ്രതികരിക്കുകയും അതിനോടനുബന്ധിച്ച പ്രതിരോധങ്ങൾ ഉണ്ടായിട്ടുമുണ്ട്.
അത് പാനൂരിന്‍റെ മാത്രം പ്രശ്‌നമായി അവതരിപ്പിച്ച പോലീസ് നിലപാട് സംശയാസ്പദമാണെന്നും പ്രസ്താവനയിൽ പറയുന്നു. പാനൂർ പോലീസ് നടത്തിവരുന്ന വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, പിഎസ്‌സി പരിശീലന പരിപാടികളിൽ ഡിവൈഎഫ്ഐ അകമഴിഞ്ഞ പിന്തുണയും പരമാവധി പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്നാൽ, 90 ശതമാനം യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന പരാമർശം തികച്ചും യുക്തിരഹിതമാണെന്നും പ്രസ്താവനയിലുണ്ട്. പാനൂർ സർക്കിൾ പരിധിയിലെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്നതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
അടിയും വഴക്കും പതിവായ നാടായതിനാൽ പെൺകുട്ടികളെ പാനൂരിലേക്ക് കെട്ടിച്ചയയ്ക്കാൻ വീട്ടുകാർക്ക് ധൈര്യമില്ലാത്തതാണ് യുവാക്കൾക്ക് പെണ്ണുകിട്ടാത്തതിന്‍റെ പ്രധാനകാരണമെന്ന തിരിച്ചറിവിലാണ് പാനൂര്‍ പോലീസ് കല്യാണ കാര്യത്തിൽ ഇടപെടാൻ തീരുമാനിച്ചത്. ഇതിന്‍റെ ആലോചനാ യോഗം കഴിഞ്ഞ മാസം നടന്നു. ആദ്യപടിയായി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളന്‍റിയര്‍മാരുടെ സഹായത്തോടെ മധ്യവേനലവധിക്കാലത്ത് സര്‍വേ തുടങ്ങും.
പാനൂര്‍ പോലീസ് സര്‍ക്കിള്‍ പരിധിയിലെ ഒൻപതിനായിരത്തോളം വീടുകളിലും വിദ്യാർഥികള്‍ സര്‍വേ നടത്തും. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ “ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി’ എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് പോലീസിന്‍റെ നേതൃത്വത്തിൽ സൗജന്യ പിഎസ് സി പരീക്ഷാ പരിശീലനം നടത്തിവരികയാണ്.
ക്ളാസില്‍ പങ്കെടുക്കുന്നവരിൽ നല്ലൊരു പങ്കും മുപ്പത് വയസ് കഴിഞ്ഞവരാണ്. അവര്‍ തന്നെയാണ് വിവാഹം നടക്കാത്തതിലുള്ള മാനസിക വേദന പോലീസുമായി പങ്കുവച്ചത്. ഇതേത്തുടർന്നാണ് പോലീസ് വിവാഹകാര്യത്തിൽ ആലോചനകളുമായി രംഗത്തിറങ്ങിയത്.