പുരനിറഞ്ഞ പുരുഷൻമാരെ കല്യാണം കഴിപ്പിക്കാൻ പോലീസ്

നാട്ടിലെ പുരനിറഞ്ഞ പുരുഷൻമാരുടെ കണക്കെടുത്ത്‌ പെണ്ണുകെട്ടിക്കാൻ പാനൂർ പോലീസ്‌. സംഘർഷങ്ങളിൽ ഏറെ യുവാക്കൾക്ക്‌ ജീവൻ നഷ്‌ടമായ പ്രദേശങ്ങളാണ്‌ പാനൂരും പരിസരങ്ങളും. ഒട്ടേറെ യുവാക്കൾ കേസിൽപ്പെട്ട്‌ ജയിലിലായിട്ടുണ്ട്‌. കലാപം പ്രതിസന്ധിയിലാക്കിയ കുടുംബങ്ങളും ഏറെയാണ്.  ഈ ചുറ്റുപാടിലാണ്‌ പാനൂർ ജനമൈത്രി പോലീസിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്‌. നേരത്തെ തൊഴിലില്ലാത്ത യുവതീയുവാക്കളെ കണ്ടെത്തി അവരെ തൊഴിൽ സാധ്യതകളിലേക്ക‌് കൈപിടിച്ചുയർത്താൻ ഇൻസൈറ്റ‌് മത്സര പരീക്ഷ നടത്തി പാനൂർ പൊലീസ് ശ്രദ്ധ നേടിയിരുന്നു. യുവാക്കളിൽ അക്രമ സ്വഭാവവും അരക്ഷിതാവസ്ഥയും ഉണ്ടാവുന്നതിന്റെ മുഖ്യ കാരണം വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മയുമാണ് എന്ന പൊലീസിന്റെ കണ്ടെത്തലിന്റെ ഭാഗമായാണ് മേഖലയിലെ മൂന്ന‌് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരുപതോളം ഇൻസൈറ്റ് കേന്ദ്രങ്ങൾ തുറക്കാൻ പൊലീസ് മുൻകൈയെടുത്തത‌്. ഇതിനു പിന്നാലെയാണ് അവിവാഹിതരായ യുവാക്കളെ കണ്ടെത്തി അവരെ കുടുംബ ജീവിതത്തിലേക്കെത്തിക്കുക എന്ന ദൗത്യം കൂടി ഏറ്റെടുത്തത്. പരിശീലന ക്ലാസിൽ എത്തിയ യുവാക്കളിൽ തൊണ്ണൂറു ശതമാനവും അവിവാഹിതരാണ്. ഈ തിരിച്ചറിവാണ് ഇങ്ങനെയൊരു പദ്ധതിക്ക‌് പൊലീസിന‌് പ്രേരണയായത്. രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ ഒത്തുചേർന്ന് ഇൻസൈറ്റ് പദ്ധതി വിജയിപ്പിക്കാൻ നടത്തുന്ന കൂട്ടായ്മ പുതിയൊരനുഭവമാണ്.

Latest
Widgets Magazine