രാജ്യം കാക്കുന്നതിനിടയില്‍ വിരലുകള്‍ പോയി, ഇപ്പോള്‍ രാജ്യത്തിനായി മെഡല്‍ നേടി; അഭിമാനമായി ഈ പട്ടാളക്കാരന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ അനീഷിന് നഷ്ടമായത് കാല്‍വിരലുകള്‍ ആയിരുന്നു. ഇന്ന് ആ നഷ്ടത്തെയോര്‍ത്ത് വിഷമിക്കുകയല്ല അനീഷ്, മറിച്ച് അഭിമാനിക്കുകയാണ്. ഇന്‍ഡോനേഷ്യയിലെ പാരാ ഏഷ്യന്‍ ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ ഇന്നലെ വെങ്കല മെഡല്‍ ഏറ്റുവാങ്ങുമ്പോള്‍ ഈ പട്ടാളക്കാരന് വേറൊന്നും മനസില്‍ ഉണ്ടായിരുന്നില്ല.

കൊല്ലം പുത്തൂര്‍ മാവടി സ്വദേശിയായ അനീഷ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതലേ കായികയിനങ്ങളില്‍ താത്പര്യം കാണിച്ചിരുന്നു. ആ മികവിലാണ് 18-ാം വയസില്‍ ആര്‍മി സിഗ്‌നല്‍സിലേക്ക് സെലക്ഷന്‍ ലഭിച്ചത്. ജബല്‍പൂരിലെ പരിശീലനത്തിനുശേഷം 2011ല്‍ സിക്കിമില്‍ പോസ്റ്റിംഗ്. അവിടെ അതിര്‍ത്തിയില്‍ ഒരാഴ്ച പട്രോളിംഗ് സംഘത്തിനൊപ്പം റേഡിയോ സിഗ്‌നല്‍ സെറ്റുമായി ഡ്യൂട്ടിക്ക് പോയതായിരുന്നു അനീഷും. സംഘത്തിന് കനത്ത മഞ്ഞില്‍ വഴി തെറ്റി. സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെ മറ്റ് സൈനികര്‍ തിരക്കിയിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ഞില്‍ കുടുങ്ങിയ നിലയിലാണ് സംഘം അനീഷിനെ കണ്ടെത്തിയത്. ദീര്‍ഘനേരം മഞ്ഞില്‍ കുടുങ്ങിയതിനാല്‍ മരവിച്ച അനീഷിന്റെ ഇടതുകാലിലെ എല്ലാ വിരലുകളും വലതുകാലിലെ രണ്ട് വിരലുകളും മുറിക്കേണ്ടി വന്നു. കാഴ്ചയ്ക്കും ഗുരുതരമായ കുഴപ്പമുണ്ടായിരുന്നു. ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷമാണ് സാധാരണ നിലയിലായത്.

ആരോഗ്യം വീണ്ടെടുത്ത അനീഷിനെ ആര്‍മി കൈവിട്ടില്ല. ജോലിയില്‍ തുടര്‍ന്നെങ്കിലും കായിക രംഗത്ത് ഇനി എന്തു ചെയ്യുമെന്ന സങ്കടം അലട്ടി. അങ്ങനെയാണ് അംഗപരിമിതര്‍ക്കുള്ള മത്സരങ്ങളിലേക്ക് ചുവടുമാറിയത്. പൂനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനം കൂടിയായപ്പോള്‍ നിരവധി ദേശീയ മെഡലുകള്‍ അനീഷിനെ തേടിയെത്തി. ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര മീറ്റിലും പങ്കെടുത്തു. മാവടിയിലെ പട്ടാള കുടുംബത്തില്‍ നിന്നാണ് അനീഷിന്റെ വരവ്. അച്ഛന്‍ സുരേന്ദ്രന്‍ പിള്ളയും അപ്പൂപ്പനും അമ്മാവന്‍മാരുമെല്ലാം പട്ടാളക്കാര്‍. ചേട്ടന്‍ അനില്‍കുമാര്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫില്‍. അനിയന്‍ പട്ടാളത്തിലേക്കുള്ള സെലക്ഷനുകളില്‍ പങ്കെടുക്കുന്നു. അമ്മ ലീലാ ഭായ്. ഒരു വര്‍ഷമായി അനീഷിന്റെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ ആലപ്പുഴ വള്ളികുന്നം സ്വദേശിയായ സവിത.

Top