ബിഹാര്‍ : പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ ശരീര ഭാഗങ്ങള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ സയാമീസ് ഇരട്ടകളും പിറക്കാറുണ്ട്. ഈ അവസ്ഥ പലപ്പോഴും പ്രതിസന്ധിക്കിടയാക്കും. നിര്‍ണ്ണായകമായ ശസ്ത്രക്രിയകളിലൂടെ ഇവയെ പിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ തന്നെ ഇരുവര്‍ക്കുമായി ചില അവയവങ്ങള്‍ ഒന്നേയുണ്ടാകൂ എന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും. പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചെന്ന് വരികയുമില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 3 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ് ക്രമാതീതമായി വീര്‍ത്തുവരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ അഭയം തേടി. വയറ്റില്‍ മുഴ വളരുന്നു എന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ പരിശോധനാഫലം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുകയാണ്.
അതായത് ഈ കുഞ്ഞിന്റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത്. പാരസൈറ്റ് ട്വിന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ഉള്ളില്‍ വളരുന്ന ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ട്. ഇതിന് ഏതാണ്ട് ഒരു കിലോ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഈ മാംസപിണ്ഡം നീക്കം ചെയ്തു. ഇതിന് സമാനമായ 200 സംഭവങ്ങളേ ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ വയറിനകത്ത് കുഞ്ഞുടല്‍ വളര്‍ച്ച പ്രാപിക്കുന്നത്. കുട്ടിയിപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സപൂര്‍ത്തിയാക്കി ഈ ആഴ്ചയവസാനത്തോടെ കുഞ്ഞിന് ആശുപത്രി വിടാനാകും.