കൊച്ചി: വടക്കന്‍ പറവൂരില്‍ പത്ത് വര്‍ഷമായി രക്ഷിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ സ്‌കൂളിലേക്കയക്കും. മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു. കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ തീരുമാനം പിന്നീടും. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കും. അമ്മയും കുട്ടികളും ചൈല്‍ഡ് ഹോമില്‍ തുടരും. വടക്കൻ പറവൂർ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്.
അയൽവാസികളുമായി ഒരുബന്ധവും ഇവർ പുലർത്തിയിരുന്നില്ല. രാത്രിയിൽ പോലും വീടിനുള്ളിൽ വിളക്ക് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവർക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈൽഡ് ലൈൻ പ്രവർത്തകരുമാണ് താലൂക്ക് ലീഗൽ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നൽകിയത്. ഇതിനെ തുടർന്ന്, ജില്ലാ ലീഗൽ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാൽ, അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതിൽ തുറക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് പോലീസും നാട്ടൂകാരും ചേർന്ന് വാതിൽ തുറക്കാൻ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവിൽ വാതിലിന്റെ പൂട്ട് പൊളിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുൾ ലത്തീഫ് വാതിൽ തുറക്കുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്കും ഭാര്യക്കുമൊപ്പമാണ് ഇയാൾ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നത്. കുട്ടികൾക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. മാതാപിതാക്കൾ പുറത്തേക്ക് പോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്‌കൂളിൽ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേർന്ന് പഠിച്ചാൽ മക്കൾ ചീത്തയാകുമെന്നാണ് പിതാവ് പറഞ്ഞത്.
കുട്ടികൾക്ക് വീടിനുള്ളിൽ വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദർശിക്കുന്നതിന് പകരം ഇവിടെ വന്നാൽ മതിയെന്നുമാണ് അബ്ദുൾ ലത്തീഫ് പറയുന്നത്. ഇയാൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ പി.എം. മുഹമ്മദാലി ഫൗണ്ടേഷൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പരിസരവാസികളാണ് മൂന്ന് കുട്ടികൾ ഇവിടെ കഴിയുന്നുണ്ടെന്നും ഇവരെ പുറത്തിറക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്.
ഇതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് പോലീസ് എത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ല. ജില്ലാ ശിശുസംരക്ഷണ വകുപ്പ് അധികൃതർ ഈ മാസം ആദ്യം ഇവിടെയെത്തി ഇയാളോട് സംസാരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്നാണ് താലൂക്ക് ലീഗൽ അതോറിറ്റി കഴിഞ്ഞ 16-ന് ജില്ലാ ലീഗൽ അതോറിറ്റിക്ക് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ അധികൃതർ പരിശോധനയ്ക്കെത്തിയത്. വീടിനുള്ളിലെ പരിസരം ശോചനീയമായിരുന്നു. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളും തടിച്ചുകൂടി. ഒടുവിൽ ഇയാളുടെ സഹോദരൻ എത്തി പോലീസിന് മൊഴി നൽകാം എന്ന ഉറപ്പിനെ തുടർന്നാണ് അധികൃതർ പോയത്.
അന്യായമായി കുട്ടികളെ തടങ്കലിൽ വച്ചതിന് ഇയാൾക്കെതിരേ കേസെടുക്കുമെന്ന് ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി എ.എം. ബഷീർ പറഞ്ഞു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ വളർത്തുന്നത്. ഇവർക്ക് ഭക്ഷണം നൽകുന്നുണ്ടെങ്കിലും പുറത്തിറക്കാൻ അനുവദിച്ചിരുന്നില്ലെന്ന കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടർ നടപടികളെടുക്കുമെന്നും ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി അറിയിച്ചു.