
കണ്ണൂര്‍ പരിയാരത്ത് നേഴ്‌സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ പിതാവും കോഴിക്കോട് ഗവ.നഴ്സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കി. മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കയ്യക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് ഫോണുകളിലും വന്ന കോളുകള്‍ ആരുടേയെല്ലാമാണെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
ഈ ഫോണുകള്‍ മുറിയില്‍ താമസിക്കുന്ന മൂന്ന് കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മകളെ തെറ്റിദ്ധരിപ്പിച്ച് ഫോണ്‍വഴി ആരെക്കൊണ്ടെങ്കിലും വ്യാജകോളുകള്‍ ചെയ്യിച്ച് സമ്മര്‍ദ്ദത്തിലാക്കിയതായാണ് രക്ഷിതാക്കളുടെ പ്രധാന സംശയമെന്ന് പോലീസ് പറഞ്ഞു.
മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും, ശ്രീലയ എഴുതിവെച്ചുവെന്ന് പറയുന്ന കത്തിലെ കയ്യക്ഷരം അവളുടേതല്ലെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. ശ്രീലയയുടെ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായും പരിയാരം പോലീസ് പറഞ്ഞു.