അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി ഗുജറാത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.ക്രമസമാധാന നില സംരക്ഷിക്കുന്നതിന്റെ ഭാഗമായി അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി പി സി ഠാക്കൂര്‍ അറിയിച്ചു.
അനുമതിയില്ലാതെ റാലി നടത്താന്‍ ശ്രമിച്ചതിനാണ് ഹാര്‍ദിക്കിനെയും 78 പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്തത്. പട്ടേലുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ‘ഏകത യാത്ര’യ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ വെള്ളിയാഴ്ച അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സമാധാനപരമായി റാലി നയിക്കുമെന്നാണ് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചിരുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് റാലിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 15ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യാത്ര സംഘടിപ്പിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചിരുന്നത്.
ഗുജറാത്തിലെ സമ്പന്ന സമുദായമായ പട്ടേല്‍ വിഭാഗത്തിന് (പട്ടിദാര്‍) വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം വേണമെന്നാവശ്യട്ടുള്ള സമരം ജൂലൈ മുതലാണ് ആരംഭിച്ചിരുന്നത്. ആഗസ്റ്റില്‍ സമരക്കാര്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, എന്നിവിടങ്ങളില്‍ റാലി സംഘടിപ്പിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മുന്‍കൂര്‍ അനുമതിയില്ലാതെ ഏക്താ യാത്ര നടത്തിയതിനാണ് ഇന്നു രാവിലെ ഹാര്‍ദിക്കിനെയും 35 അനുയായികളെയും സൂറത്തിലെ വറാച്ച മേഖലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തേ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ വലിയ കലാപം നടന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നിരോധനം. അന്നു മൊബൈല്‍ വഴിയുള്ള സന്ദേശങ്ങളിലൂടെയാണ് കലാപത്തിന് പട്ടേല്‍ വിഭാഗക്കാര്‍ സംഘടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.