
കൊച്ചി: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നൽകിയത് കോടതി അലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
പാറ്റൂർ ഭൂമി ഇടപാട് സംബന്ധിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.ഒരു സുപ്രഭാതത്തിൽ എന്ത് ചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കോടതി ചോദിച്ചു.
കേസ് നേരത്തെ പരിഗണിച്ചപ്പോഴും ജേക്കബ് തോമസിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്നും, രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും നേരത്തെ കോടതി ചോദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് പരിശോധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്യവാങ്മൂലം നൽകാനും ജേക്കബ് തോമസ് തയ്യാറായില്ല.പാറ്റൂർ കേസ് കോടതിയുടെ പരിഗണനയിരിക്കുമ്പോൾ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജേക്കബ് തോമസ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.