പാറ്റൂര്‍ ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍; വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശക്തമായ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിലാണ് വിജിലന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ ഫ്ലാറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിന് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് കേസ്. ജല അതോറിറ്റിയുടെ സ്ഥലം ഫ്ലാറ്റ് കമ്പനി സ്വന്തമാക്കുകയും അവര്‍ക്കുവേണ്ടി അഴുക്കുചാല്‍പോലും മാറ്റിക്കൊടുക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച അഴുക്കുചാല്‍ മാറ്റുന്നതിനുമുമ്പ് ജലവിഭവ വകുപ്പിന്റെ അംഗീകാരംപോലും തേടിയില്ല. ഭൂമി തങ്ങളുടേതാണെന്ന് വകുപ്പ് നേരത്തെ വ്യക്തമാക്കിയത് അവഗണിച്ചു. 2009ലെ എ.ജി.യുടെ റിപ്പോര്‍ട്ടും 2013ലെ വിജിലന്‍സ് റിപ്പോര്‍ട്ടും ഭൂമി സര്‍ക്കാരിന്റേതാണെന്നതിന് തെളിവായിരുന്നു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ ആരോപണവിധേയര്‍ കൂട്ടുനിന്നു.

അഴുക്കുചാല്‍ മാറ്റാന്‍ ഉത്തരവിടാന്‍ പ്രതികളിലൊരാളായ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അധികാരമില്ലായിരുന്നു. എന്നിട്ടും അതിനായി 14.8 ലക്ഷം രൂപ കെട്ടിവെക്കാന്‍ അദ്ദേഹം കമ്പനിയോട് നിര്‍ദേശിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്.

ഈ ഉത്തരവ് അന്നത്തെ ജല അതോറിറ്റി എം.ഡി.യായിരുന്ന അശോക്കുമാര്‍ സിങ് തടഞ്ഞു. എന്നാല്‍ വഴിവിട്ട നീക്കങ്ങളിലൂടെ ഉന്നതതലത്തില്‍ ഫ്ലാറ്റ് കമ്പനിക്ക് അനുകൂലമായ തീരുമാനമുണ്ടായി.

എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഉത്തരവ് എം.ഡി. തടഞ്ഞപ്പോള്‍ കമ്പനി സമീപിച്ചത് മുഖ്യമന്ത്രിയെയാണ്. ജലവിഭവ വകുപ്പ് സെക്രട്ടറിയെയോ വകുപ്പുമന്ത്രിയെയോ സമീപിച്ചില്ല. തനിക്ക് ലഭിച്ച അപേക്ഷയില്‍ ഉമ്മന്‍ചാണ്ടി തീരുമാനം വൈകിച്ചു. ഇതോടെ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയില്‍നിന്ന് കമ്പനി ഉത്തരവ് സമ്പാദിച്ചു.

ഇതിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി വിഷയം ചീഫ് സെക്രട്ടറിക്ക് കൈമാറി. ഫ്ലാറ്റ് കമ്പനിക്ക് അനുകൂലമായ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിതലത്തില്‍ വന്നപ്പോള്‍ അന്നുതന്നെ ഉമ്മന്‍ചാണ്ടി അതിന് അംഗീകാരം നല്‍കുകയും ചെയ്തു.

തീരുമാനമെടുക്കാന്‍ നാലംഗസമിതിയെ ചുമതലപ്പെടുത്തുകയാണ് ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷണ്‍ ആദ്യം ചെയ്തത്. സമിതിയിലെ ഒരംഗം ജല അതോറിറ്റി എം.ഡി.യായിരുന്നു. യോഗങ്ങളില്‍ അദ്ദേഹമുണ്ടായില്ല. എം.ഡി. അറിയാതെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഒരു റിപ്പോര്‍ട്ട് സമിതി ചെയര്‍മാനായ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. അഴക്കുചാല്‍ കടന്നുപോകുന്ന 54 മീറ്റര്‍ ദൂരം കമ്പനിയുടെതാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിനാണ് ചീഫ് സെക്രട്ടറി അംഗീകാരം നല്‍കിയത്.

അഴിമതിക്കേസുകളില്‍ സുപ്രിംകോടതി വിധികളെ ഉദ്ധരിച്ച് ആരോപണവിധേയര്‍ക്കെതിരേ വിചാരണ വേണമെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു. ഹൈക്കോടതി അവധി കഴിഞ്ഞ് ഇത് പരിഗണിക്കും.

Top