കൊല്ലം : പിസി ചാക്കോയും അവസരവാദ രാഷ്ട്രീയത്തിൽ എന്നാരോപണം .കുണ്ടറയിലെ യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലില്‍ മലക്കം മറിഞ്ഞ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. കുണ്ടറയില്‍ ബ്ലോക്ക് പ്രസിഡണ്ടായി ആര് വരണം എന്ന തര്‍ക്കമാണ് നിലവിലെ വിവാദങ്ങളുടെ തുടക്കമെന്ന് പിസി ചാക്കോ പറയുന്നു. പ്രസിഡണ്ടിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും അത് തീര്‍പ്പാക്കാനാണ് എകെ ശശീന്ദ്രന്‍ വിളിച്ചതെന്നുമാണ് പിസി ചാക്കോയുടെ ഒടുവിലത്തെ വിശദീകരണം. ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് പേര്‍ വ്യത്യസ്ത പേരുകള്‍ നിര്‍ദേശിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ശശീന്ദ്രനോട് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്ന് പിസി ചാക്കോ പറയുന്നു.
‘താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് മുമ്പായിരുന്നു അത്. രത്‌നാകരന്‍ ഒരാളുടെ പേരും എന്‍സിപിയുടെ ചാര്‍ജ് ഉണ്ടായിരുന്നയാള്‍ മറ്റൊരാളുടെ പേരും നിര്‍ദേശിച്ചു. അവര്‍ രണ്ട് പേരും തമ്മിലുള്ള പ്രശ്‌നമാണ് അവിടുത്തെ സംഘടനാ പ്രശ്‌നം. അവര്‍ പരസ്പരം പോരടിക്കുകയും മറ്റ് വിഷയങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. അങ്ങനെ അവിടെ നിന്നുള്ള രണ്ട് പേര്‍ വിളിച്ച് ശശീന്ദ്രനോട് ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. ശശീന്ദ്രന്‍ കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. രാജി രാജി എന്ന് മുറവിളികൂട്ടുന്ന ആളുകള്‍ക്ക് പ്രശ്‌നം എന്താണെന്ന് പോലും അറിയില്ല.’ പിസി ചാക്കോ പറഞ്ഞു.
എന്നാല്‍ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പണമിടപാട് സംബന്ധിച്ച വിഷയത്തിലാണ് എകെ ശശീന്ദ്രന്‍ ഇടപെട്ടതെന്നും പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ ഒരിടത്ത് പോലും സ്ത്രീപീഡന വിഷയമാണെന്ന് ശശീന്ദ്രന്‍ പറയുന്നില്ലെന്നുമാണ് പിസി ചാക്കോ ആദ്യം പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ രണ്ടാമതും ചോദിച്ചപ്പോള്‍ വിശദീകരണം മാറ്റി.അതേസമയം യുവതി തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ എന്‍സിപി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കി. വിഷയത്തില്‍ പൊലീസ് അന്വേഷിച്ച് യുക്തിസഹമായ നടപടിയെടുക്കണമെന്ന് പിസി ചാക്കോ പറഞ്ഞു.
വിവാദം തുടരുന്നതിനിടെ മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.