തിരുവനന്തപുരം:കന്യസ്ത്രീകളെ മോശമായി ചിത്രീകരിച്ച പൂഞ്ഞാർ എം എൽ എ പി.സി ജോര്‍ജ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ പരിഹസിച്ച് രംഗത്ത് .കമ്മീഷന്റെ അധികാരമൊക്കെ ഒന്നൂകൂടെ നോക്കട്ടെ. ഡി.എയും ടി.എയും അയച്ചുതന്നാല്‍ ദല്‍ഹിക്ക് വരുന്നത് പരിഗണിക്കാം. എനിക്ക് ദല്‍ഹിയില്‍ പോകണമെങ്കില്‍ എത്ര രൂപ ചെലവാകും. അതിലും നല്ലത് കമ്മീഷന്‍ ഇങ്ങോട്ട് വരുന്നതല്ലേ.’വനിതാ കമ്മീഷന്‍ സിറ്റിംഗ് കേരളത്തില്‍ നടത്തട്ടെയെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തുകൊണ്ട് പരിഹസിച്ചു .ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ നേരത്തെ പി.സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു
ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ എം.എല്‍.എയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ പരിഹാസം.
ഈ മാസം 20ന് രാവിലെ 11.30ന് ഹാജരാകാനാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ, പി.സി ജോര്‍ജിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജോര്‍ജ് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോര്‍ജിന്റെ വാര്‍ത്തസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു കൊണ്ടാണ് കമ്മിഷന്‍ ജോര്‍ജ്ജിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ജോര്‍ജ്ജിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.