മാണിക്ക് കോട്ടയത്ത് ജയിക്കാനാകില്ല!! യുഡിഎഫിന് അഞ്ച് സീറ്റ് നഷ്ടപ്പെടും: വെല്ലുവിളിയുമായി പിസി ജോര്‍ജ്

കോട്ടയം: യുഡിഎഫില്‍ ഘടകകക്ഷിയാകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ കലിപൂണ്ട് പിസി ജോര്‍ജ്. യുഡിഎഫുമായി അകന്നുകഴിയുകയായിരുന്ന പിസി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് തന്നെ മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്ന കത്ത് നല്‍കിയത്. എന്നാല്‍ അപേക്ഷപോലും പരിഗണിക്കരുതെന്നായിരുന്നു മുന്നണി തീരുമാനം. ഇതില്‍ ക്ഷുഭിതനായിരിക്കുകയാണ് പിസി ജോര്‍ജ്.

കോണ്‍ഗ്രസുമായി സഹകരിച്ചുപോകാമെന്നാണ് താന്‍ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ തന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് സ്വാഭാവികമായും നല്‍കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ജനപക്ഷം വിലയിരുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുന്നതാണ് മതേതര ജനാധിപത്യത്തിന് ഗുണകരമെന്ന് തങ്ങള്‍ കരുതുന്നു അതുകൊണ്ട് കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ അറിയിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണി പ്രവേശനം സാധ്യമാകാത്തതില്‍ വിറളിപൂണ്ടിരിക്കുകയാണ് പിസി ജോര്‍ജ്. യുഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ല മറിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് ആവശ്യം -പി സി ജോര്‍ജ്ജ് പറഞ്ഞു. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്, ബെന്നി ബഹനാന്‍ എന്നിവര്‍ക്കാണ് താന്‍ കത്ത് കൈമാറിയത്. ഈ നാലുപേര്‍ക്ക് മാത്രമാണ് താന്‍ കത്ത് നല്‍കിയിട്ടുള്ളത്. അത് ചര്‍ച്ച ചെയ്തതിനു ശേഷമല്ലേ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യേണ്ടതുള്ളു. മറ്റുള്ളവരുടെ അഭിപ്രായത്തിനു ഇവിടെ പ്രസക്തി ഇല്ല.

മാണിക്ക് കോട്ടയത്തുനിന്ന് ജയിക്കണമെങ്കില്‍ തന്റെപക്കല്‍ വരേണ്ടിവരുമെന്നു പിസി ഭീഷണിപ്പെടുത്തി. 137 മണ്ഡലത്തില്‍ ജനപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട്. മാണി ഗ്രൂപ്പിന്റെ മതിലെഴുത്തുപോലും ആളില്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് നടത്തുന്നത്. 25 മണ്ഡലത്തില്‍ മാണിക്ക് സ്വാധീലം ലേശമില്ല. മാണിയുമായി യോജിക്കണമെന്ന് തനിക്ക് ആഗ്രഹമില്ല. കേരളാ കോണ്‍ഗ്രസ് ജനപക്ഷത്തിന്റെ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് തടസ്സം നിന്നാല്‍ തനിക്കത് പ്രശ്‌നമല്ല. താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്തപ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മഷിയിട്ടുനോക്കാന്‍ പോലും കാണാനായില്ല എന്ന് ജോര്‍ജ്ജ് പരിഹസിച്ചു. മധ്യ തിരുവിതാംകൂറില്‍ മാത്രമാണ് മാണി കോണ്‍ഗ്രസിനുള്ള സ്വാധീനം.

തന്നെ അപമാനിക്കാണ് യുഡിഎഫിന്റെ ശ്രമമെങ്കില്‍ യുഡിഎഫിന് കിട്ടാനുള്ളതില്‍ അഞ്ച് സീറ്റെങ്കിലും കുറയുമെന്നു പി സി ജോര്‍ജ്ജ് വെല്ലുവിവിളിച്ചു. അതേസമയം പി സി ജോര്‍ജ്ജിനെ മുന്നണിയിലേക്കെടുക്കുന്നതിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഘടക കക്ഷികളുടെ നിലപാട്. നേരത്തെ ബിജെപിയുമായി നിയമസഭയിലും പുറത്തും സഹകരിക്കുമെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്ന ജോര്‍ജ്ജിനെ പെട്ടന്ന് മുന്നണിയില്‍ എടുക്കുവാനുള്ള ധൈര്യം നിലവില്‍ കോണ്‍ഗ്രെസ്സിനില്ല എന്നതാണ് സാരം. എന്നിരുന്നാലും ജോര്‍ജിന്റെ ഈ ഭീഷണികള്‍ക്ക് മുന്‍പില്‍ യുഡിഎഫ് നേതൃത്വം വഴങ്ങുമോ എന്ന് കണ്ടറിയണം.

Top