കണ്ണൂര്‍: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തെയും സിപിഎം ഉന്നതരേയും രക്ഷിക്കാന്‍ പോലീസിന്റെ കൈവിട്ട കളി. ഭാവിയില്‍ സി ബി ഐ അന്വേഷണമുള്‍പ്പെടെ വാന്നാല്‍ പണികിട്ടാതിരിക്കാന്‍ എല്ലാ തെളിവുകളും പോലീസ് നശിപ്പിക്കുകയാണ്. സിപിഎം നേതൃൃത്വത്തിന്റേയും ആഭ്യന്തര വകുപ്പിന്റെയും പൂര്‍ണ്ണ പിന്തുണയില്ലാതെ പോലീസ് ഇത്തരമൊരു നീക്കത്തിന് മുതിരില്ല. പ്രൊഫഷണല്‍ കൊലയാളികളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പോലീസ് ഇപ്പോള്‍ പീതാബംരനാണ് എല്ലാം ചെയതതെന്ന നിലപാടിലേയ്ക്ക് മാറിയിരിക്കുകയാണ്.
പോലീസ് മെനയുന്നത് കഥകള്‍ മാത്രമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം കണ്ടെടുത്ത ആയുധങ്ങള്‍ തുരുമ്പെടുത്ത വാളുകളും ഏതാനും പൈപ്പുമാണ് പോലീസ് പൊട്ടകിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ചുള്ള മുറിവുണ്ടാക്കുന്ന ആയുധങ്ങളല്ല ഇത്. ഭവിയില്‍ എല്ലാ പ്രതികള്‍ക്കും കേസില്‍ നിന്ന് രക്ഷപ്പെടാനും ഇത് വഴിയൊരുക്കും. ശരത്ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകള്‍ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നിരുന്നു. ശരത്ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ കണ്ടെടുത്ത തുരുമ്പെടുത്ത വാള്‍ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേല്‍പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇതോടെ അന്വേഷണത്തില്‍ സംശയവും ഏറുകയാണ്. ഭരിക്കുന്ന പാര്‍ട്ടി പറയുന്നതിനപ്പുറത്തേയ്ക്ക് അന്വേഷണം വഴിമാറിയാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അത് ദുരനുഭവമായിരിക്കുമെന്ന് മുന്‍പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവമുണ്ട്. അത് കൊണ്ട് തന്നെ പറയുന്നത് കേള്‍ക്കല്‍ മാത്രമാണ് പോലിസിന്റെ പണി. ക്വട്ടേഷന്‍ സംഘതത്തിന് പണം ലഭ്യമാക്കല്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അത് കൊണ്ട് തന്നെ ക്വട്ടേഷന്‍ സംഘത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയാല്‍ സിപിഎം കടുത്ത പ്രതിരോധത്തിലേയ്ക്ക് നീങ്ങും. അത് കൊണ്ട് ജാഗ്രതയോടെയാണ് കാര്യങ്ങള്‍ പോലിസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നത്.
ബൈക്കില്‍ വാഹനമിടിപ്പിച്ചു വീഴ്ത്തിയശേഷം വെട്ടുന്ന രീതിയാണു പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘം നടപ്പാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലുണ്ടായത്. പെരിയയിലും വാഹനമിടിച്ചു വീഴ്ത്തിയശേഷമാണ് ഇരുവരെയും വെട്ടിയത്. മഴുപോലെ കനമുള്ള ആയുധത്തിന്റെ വെട്ടേറ്റ് കൃപേഷിന്റെ തലയില്‍ 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഒറ്റവെട്ടിനു 13 സെന്റിമീറ്റര്‍ ആഴത്തില്‍ തല പിളര്‍ക്കുന്ന വെട്ട് പരിശീലനം ലഭിച്ചവരുടേതു തന്നെയാകാമെന്ന സാധ്യതയും അന്വേഷണ സംഘം അവഗണിക്കുന്നു.
മറ്റൊന്ന്, ഇപ്പോള്‍ പിടിയിലുള്ള പ്രവര്‍ത്തകര്‍ക്ക് ഇത്തരം കൃത്യം നടത്തിയുള്ള പരിചയക്കുറവാണ്. വാള്‍ പോലെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള രാഷ്ട്രീയ അക്രമങ്ങള്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ കല്യോട്ട് നടന്നിട്ടില്ല.
പോലീസും സിപിഎം നേതൃത്വവും തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനിടയില്‍ പീതാംബരന്റെ കുടുംബം പ്രതികരണവുമായി രംഗത്തെത്തിയതോടെ സിപിഎം നേതൃത്വം ഇവരെ അനുനയിപ്പിച്ചു എന്നാണ് സൂചന. പണവും മറ്റു സഹായങ്ങളും വാഗ്ാദനം ചെയ്യുവെന്നാണ് അവര്‍തന്നെ വെളിപ്പെടുത്തുന്നത്.
പൊലീസ് അന്വേഷണം തുടങ്ങും മുമ്പ് തന്നെ പ്രതികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. പീതാംബരനാണ് എല്ലാത്തിനും കാരണമെന്ന് കാട്ടി സിപിഎമ്മില്‍ നിന്ന് പീതാംബരനെ പുറത്താക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈര്യമാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ് ഐ ആര്‍ വന്നതോടെയായിരുന്നു ഇത്. നേരത്തെ പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലെന്നായിരുന്നു കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇത് പൊളിക്കുന്നതായിരുന്നു എഫ് ഐ ആര്‍. ഇതോടെയാണ് പീതാംബരനെ മുഖ്യപ്രതിയാക്കി മാറ്റി കോടിയേരി പുറത്താക്കല്‍ പ്രഖ്യാപിച്ചത്. അന്വേഷണം പീതാംരനില്‍ ഒതുക്കണമെന്ന സൂചനയായിരുന്നു കോടിയേരി നല്‍കിയത്. ഇത് പൊലീസും അനുസരിച്ചു. അതോടെ എല്ലാം പീതാംബരനിലും അറസ്റ്റിലായ മറ്റ് ആറു പേരിലും ഒതുങ്ങി. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെ തേടി പൊലീസ് അലയേണ്ടിയും വരുന്നില്ല. എന്നാല്‍ കൈയ്ക്ക് സ്വാധീനക്കുറവുള്ള പീതാംബരന് ഒറ്റവെട്ടിന് കൃപേഷിനെ കൊല്ലാനാകുമെന്ന് ആരും കരുതുന്നില്ല. ശരത് ലാലിനെ തുരുതുരാ വെട്ടാനുള്ള കരുത്തുമില്ല.
ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കില്‍ മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരത്ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റര്‍ നീളത്തിലുള്ളതാണ്. ചെവി മുതല്‍ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനപ്പാടുകളൊന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ തെളിവുകളെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നത്. ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂര്‍ച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോള്‍ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റില്‍നിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.
”പീതാംബരന്‍ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്ലാലിന്റെ തലയ്ക്കടിച്ചു. തുടര്‍ന്നു മറ്റുള്ളവര്‍ വാളുകള്‍ കൊണ്ടും ഇരുമ്പു പൈപ്പുകള്‍ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.”-അന്വേഷണത്തില്‍ പൊലീസിന് പറയാനുള്ളത് ഇത്രമാത്രം.
കൊലപാതകം നടത്തിയ രീതി നോക്കുമ്പോള്‍ കണ്ണൂരിലെ പ്രഫഷനല്‍ സംഘമാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമാണ്. കല്ല്യോട്ട് ക്ഷേത്ര ചടങ്ങ് നടക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ അപരിചിരുമായി എത്തിയ വാഹനവും നാട്ടുകാരില്‍ സംശയമായി അവശേഷിക്കുന്നു. കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സിപിഎം പറയുമ്പോഴും അന്വേഷണത്തില്‍ നിരവധി വഴിമുടക്കികള്‍ സജീവമായി ഇടെപുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി ശക്തി കേന്ദ്രമായ പാക്കം വെളുത്തോളിചാല്‍ ചെറൂട്ടയില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാഹന ഉടമയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അവിടെയെത്തിയ ഉന്നത സിപിഎം നേതാവ് പൊലീസിനോടു കയര്‍ത്തു പ്രതിയെ മോചിപ്പിച്ചു. പിന്നീടു പുലര്‍ച്ചെയാണ് ഇയാളെ പൊലീസില്‍ ഹാജരാക്കിയത്. ഇത്തരത്തിലെ ഇടപെടലുകള്‍ സിപിഎം നേതൃത്വം നടത്തുന്നത് കേസ് കണ്ണൂരിലേക്ക് എത്താതിരിക്കാനാണെന്നാണ് വിലയിരുത്തല്‍.
ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 19ന് രാത്രി ഒന്‍പതോടെ എംഎല്‍എയുടെ വീടിനു 200 മീറ്റര്‍ അകലെ വെളുത്തോളി ചെറൂട്ടവളപ്പില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇന്നലെ രാവിലെ 9 വരെ വാഹനം കസ്റ്റഡിയിലെടുത്തില്ല. ഫൊറന്‍സിക് പരിശോധന നടത്തണമെന്ന കാരണം പറഞ്ഞാണിത്. സംഭവ ദിവസം രാത്രി ചെറൂട്ടവളപ്പിലെത്തിയ എംഎല്‍എ പൊലീസിനോടു നിന്റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞു. കല്ല്യോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി യോഗത്തിനു വരേണ്ടിയിരുന്ന എംഎല്‍എ സ്ഥലത്തുണ്ടായിട്ടും വരാത്തതു സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ പറയുന്നു.
അതിനിടെ എ.പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തി ചര്‍ച്ചയാകുന്നുണ്ട്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കള്‍ വീട്ടിലെത്തി. പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാര്‍ ആദ്യം പറഞ്ഞതിങ്ങനെ”ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.” പാര്‍ട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, പിന്നീടാണു സഹായവാഗ്ദാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തുറന്നുപറഞ്ഞത്.
ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കള്‍ ഉറപ്പുനല്‍കി. പാര്‍ട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നും പാര്‍ട്ടിക്കു വേണ്ടി പീതാംബരന്‍ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷമാണു പാര്‍ട്ടിയുടെ സഹായവാഗ്ദാനം വെളിപ്പെടുത്തിയത്.
കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്നു പൊലീസിനു പീതാംബരന്റെ മൊഴി. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറാണ് ശരത്‌ലാലിനെയും കൃപേഷിനെയും കൂടുതല്‍ വെട്ടിയതെന്നും മൊഴിയിലുണ്ട്. എന്നാല്‍, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരന്‍ കഞ്ചാവുലഹരിയില്‍ കൊല്ലുമെന്നു കരുതുന്നില്ലെന്നു വീട്ടുകാര്‍ പ്രതികരിച്ചു. അതിനിടെ ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം സജി ജോര്‍ജിനെയും (40) അറസ്റ്റ് ചെയ്തു.ഇന്റര്‍ലോക്ക് സ്ഥാപന ഉടമയായ ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണ്.