പിണറായി പോലീസിന് കനത്ത തിരിച്ചടി..!! പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി; പോലീസിന് രൂക്ഷ വിമർശനം

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയ കോടതി ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് വിമർശനം.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയിലാണു ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്. ഇതു രാഷ്ട്രീയ കൊലയല്ല, വ്യക്തിവിരോധമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാനാവില്ല. ഇരട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാവാൻ സാധ്യതയുണ്ട്.  പ്രതികൾ സിപിഎമ്മുകാരാണ്. സത്യത്തിനായി നിലകൊള്ളാൻ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കോടതി വിമർശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.

വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികൾ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറിൽ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ എന്നും ഓർമ്മിപ്പിച്ചു.

ഈ വർഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെയോ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജിയിലാണു മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദീകരണം നല്‍കിയിരുന്നത്. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയമില്ലെന്നും സിപിഎമ്മിനോട് ഔദാര്യമൊന്നും കാണിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

രണ്ടാംപ്രതി സജി സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു ബലമായി മോചിപ്പിച്ചതായി രേഖകളില്ല. സജി സ്വയം കീഴടങ്ങുകയായിരുന്നു. കെ.വി. കുഞ്ഞിരാമന്‍ അവിടെ ഉണ്ടായിരുന്നതായി അന്വേഷണ ഫയലുകളില്‍ കാണുന്നില്ല. കൊല്ലപ്പെട്ടവര്‍ക്ക് എതിരെ വി.പി.പി. മുസ്തഫയുടെ പ്രസംഗങ്ങളില്‍ വ്യക്തിപരമായ ഭീഷണി ഉണ്ടായിരുന്നില്ല. കല്യാട്ടെ കോണ്‍ഗ്രസുകാരോടു സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിനു കൊടിയ ശത്രുതയുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇരട്ടക്കൊല നടന്നത് ഇത്തരം പകയുടെ ഭാഗമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

Top