പിണറായി സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി അഭിമന്യുവിന്റെ പിതാവ്..!! കേസിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കും

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് കുടുംബം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞു. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.

അഭിമന്യുവിനെ കുറിച്ചുള്ള നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാറായി. ചില പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടം വരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്ന്പറഞ്ഞായിരുന്നു കമന്റ് അവസാനിപ്പിച്ചത്.

2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ അഭിമന്യുവിനെ കുത്തിയതായി കരുതുന്ന ഷഹലിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Top