കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിൽ വ്യത്യസ്ത പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 71 കേന്ദ്രങ്ങളിലാണ് യൂത്ത് കോൺഗ്രസ് വ്യത്യസ്തമായ സമരം നടത്തിയത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരവധി പ്രവർത്തകർ അണിനിരന്നു.
ജില്ലയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിലായിരുന്നു സമരം നടത്തിയത്. പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്കിറങ്ങുന്ന ആളുകൾക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതി തുകയായ 57 രൂപയാണ് യൂത്ത് കോൺഗ്രസ് ആളുകൾക്ക് തിരികെ നൽകിയത്.
ഇത് കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി എന്തുകൊണ്ടാണ് തുക തിരികെ നൽകുന്നതെന്നും, പ്രതിഷേധത്തിന്റെ ആവശ്യവും പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തിറങ്ങുന്ന ആളുകളെ അറിയിക്കുകയും ചെയ്തു. ഒരു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ പത്തു വരെ പേർക്കാണ് തുക തിരികെ നൽകിയത്.
വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജില്ലാ ഭാരവാഹികളും നേതൃത്വം നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു. ഇന്ധനവിലയുടെ കൊള്ളയിലുള്ള ശക്തമായ പ്രതിഷേധം ജില്ലയിൽ വരും ദിവസങ്ങളിലും തുടരും. ഈ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിനൊപ്പം സാധാരണക്കാരും അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.