കണ്ണൂർ: ദേവികുളം സബ് കളക്ടറെ വിമർശിച്ച പിഎച്ച് കുര്യനെ മാറ്റാൻ സർക്കാരിനോട് സിപിഐ ആവശ്യപ്പെടും.മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ വകുപ്പുമന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കാത്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യനെ മാറ്റാനാണു സി.പി.ഐയുടെ തീരുമാനം.അതിനിടെ കൈയേറ്റമൊഴിപ്പിക്കലുമായി ശക്തമായി മുന്നോട്ടുപോകാൻ സിപിഐ. റവന്യൂ മന്ത്രിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനങ്ങൾ തത്കാലം പാലിക്കേണ്ടതില്ലെന്നാണ് പാർട്ടിതീരുമാനം. ദേശീയനേതൃത്വം ഇക്കാര്യത്തിൽ സംസ്ഥാനഘടകത്തിന് പൂർണപിന്തുണ അറിയിച്ചു.
മൂന്നാർ സംബന്ധിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ സ്വീകരിച്ച നിലപാടാണ് സിപിഐ.യെ ചൊടിപ്പിച്ചത്. മൂന്നാറിലെടുത്ത നടപടികൾ വിശദീകരിക്കുന്നതിനു പകരം മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ പക്ഷംചേരുന്ന സമീപനമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സിപിഐ.യുടെ വിലയിരുത്തൽ. ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും സ്വീകരിച്ച നിലപാട് റവന്യൂവകുപ്പിന്റെ നിലപാടാണെന്ന് സ്ഥാപിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രമിച്ചില്ല. പരോക്ഷമായി സബ് കളക്ടറെ വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പി എച്ച് കുര്യനെ മാറ്റാൻ ആവശ്യപ്പെടുന്നത്.
മൂന്നാർ പ്രശ്നവും അത് മുന്നണിയിലുണ്ടാക്കിയ വിള്ളലും സംബന്ധിച്ച് ചർച്ചചെയ്യാൻ അടുത്തദിവസം ചേരുന്ന സിപിഐ. സംസ്ഥാന കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റാനാവശ്യപ്പെടുമെന്നാണ് സൂചന.