വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കുമുള്ള കടന്ന് കയറ്റമാണ് ഫോണ്‍ ചോര്‍ത്തലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന ജീവിതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ആണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയക്കാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടു പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും (പിയുസിഎല്‍) കേന്ദ്ര സര്‍ക്കാരുമായുള്ള കേസിലാണ് 1996 ഡിസംബര്‍ 18നു സുപ്രീം കോടതി ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒളിഞ്ഞുനോട്ടമെന്നാണു ഫോണ്‍ ചോര്‍ത്തലിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഫോണിലൂടെ സംഭാഷണമെന്നതു തികച്ചും സ്വകാര്യവും രഹസ്യസ്വഭാവമുള്ളതുമാണെന്നും കോടതി എടുത്തുപറഞ്ഞു. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിന്റെ അഞ്ചാം വകുപ്പാണു ഫോണ്‍ ചോര്‍ത്തലിന് അധികാരം നല്‍കുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുമതി നല്‍കുന്നില്ല. സര്‍ക്കാരിന്റെ സുരക്ഷാ ഏജന്‍സികള്‍ക്കു ഫോണ്‍ ചോര്‍ത്തണമെങ്കില്‍ത്തന്നെ അതു കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു നിയമം വ്യക്തമാക്കുന്നു.
അഞ്ചു സാഹചര്യങ്ങളില്‍ മാത്രമാണു സര്‍ക്കാരിനു ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുള്ളത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടും, മറ്റു രാജ്യങ്ങളുമായുള്ള സൗഹാര്‍ദപരമായ ബന്ധം കണക്കിലെടുത്തും, പൊതു ക്രമവുമായി ബന്ധപ്പെട്ട്, കുറ്റകൃത്യം നടക്കുന്നതു തടയാന്‍ എന്നീ അടിയന്തര സാഹചര്യങ്ങില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഫോണ്‍ ചോര്‍ത്താമെന്നാണു വ്യവസ്ഥ. പൊതുവായ അടിയന്തര സാഹചര്യം എന്നതു നിര്‍ബന്ധമായും കണക്കിലെടുക്കേണ്ട സാഹചര്യമാണെന്നു നിയമത്തിലെ 5(1) വകുപ്പ് എടുത്തുപറഞ്ഞു കോടതി വ്യക്തമാക്കിയിരുന്നു.
പിയുസിഎല്‍ കേസിലാണു ഫോണ്‍ ചോര്‍ത്തലിനു കൃത്യമായ നടപടിക്രമം കോടതി നിര്‍ദേശിച്ചത്. ഫോണ്‍ ചോര്‍ത്താനുള്ള ഉത്തരവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കു മാത്രമാണ് അധികാരം.
അടിയന്തര സാഹചര്യങ്ങളില്‍ ഈ അധികാരം, ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരെ ഏല്‍പിക്കാം. മറ്റുരീതിയില്‍ ശേഖരിക്കാനാവാത്ത വിവരങ്ങള്‍ മാത്രമേ ചോര്‍ത്തിയെടുക്കാന്‍ പാടുള്ളൂ. ആഭ്യന്തര സെക്രട്ടറി നല്‍കുന്ന ഉത്തരവ് അവലോകനം ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സമിതിയുണ്ടാവണം.
ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ സമിതിക്കു കൈമാറണം. ഉത്തരവ് ആവശ്യമായിരുന്നോയെന്ന് അവലോകന സമിതി രണ്ടുമാസത്തിനുള്ളില്‍ സ്വതന്ത്രമായി അന്വേഷിക്കണം.
പരമാവധി ആറുമാസത്തേക്കാണ് ഒരാളുടെ ഫോണ്‍ ചോര്‍ത്താവുന്നത്. ചോര്‍ത്തലിലൂടെ ലഭിക്കുന്ന വിവരങ്ങള്‍, അതില്‍ ഏതെല്ലാം കാര്യങ്ങള്‍ പുറത്തുവിട്ടു, ആര്‍ക്കൊക്കെ വിവരങ്ങള്‍ കൈമാറി, എത്ര പകര്‍പ്പുകളെടുത്തു തുടങ്ങിയ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി സൂക്ഷിക്കണം.
ഉത്തരവ് അനാവശ്യമായിരുന്നുവെന്നു വ്യക്തമായാല്‍ എല്ലാ രേഖകളും നശിപ്പിക്കാന്‍ അവലോകന സമിതി നിര്‍ദേശിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.