ന്യൂയോര്‍ക്ക്: 75 വര്‍ഷം മുന്‍പ് വരച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം അടുത്തിടെ അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലാണ് ഈ ചിത്രം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. 1938 ല്‍ പ്രശസ്ത ചിത്രകാരനായിരുന്ന ബാല്‍ത്താസ് ആണ് ഈ ചിത്രം വരച്ചിരിക്കുന്നത്.ഒരു പെണ്‍കുട്ടി തലയില്‍ കൈ വെച്ച് ചാരി ഇരിക്കുന്ന ദൃശ്യമാണ് ഈ പെയിന്റിംഗിലുള്ളത്. ഇതാണ് ഇപ്പോള്‍ വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മിയാ മെറില്‍ എന്ന യുവതി. ചിത്രം മ്യൂസിയത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് യുവതിയുടെ ആവശ്യം.പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ പല ഭാഗങ്ങളും പുറത്ത് കാണുന്ന തരത്തിലാണ് ഈ ചിത്രം വരച്ചിരിക്കുന്നതെന്നാണ് യുവതിയുടെ വാദം. ഈ ചിത്രം തീര്‍ച്ചയായും ലൈംഗിക ചുവയുള്ളതാണെന്നും ചിത്രകാരനായ ബാല്‍ത്താസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ഇത്തരത്തില്‍ തെറ്റായ രീതിയിലുള്ള മോഹം വെച്ചു പുലര്‍ത്തിയ വ്യക്തിയാണോയെന്ന കാര്യം സംശയിക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പരാതി കൊണ്ടൊന്നും ചിത്രം നീക്കം ചെയ്യാന്‍ മ്യൂസിയം അധികൃതര്‍ തയ്യാറായിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് കോടതി ഒരു തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് മ്യൂസിയം അധികൃതര്‍.