തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് പൊലീസ് മൈക്ക് നല്‍കിയതിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. സമാനമായ വിശദീകരണം തന്നെയാണ് നേരത്തെ സിപിഐഎമ്മും ഈ വിഷയത്തില്‍ നടത്തിയിരുന്നത്.
അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു . അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികള്‍ നാമം ജപിച്ചാല്‍ അക്രമികള്‍ അല്ലാതാകുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കും. ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചത് പുതിയ കാര്യമല്ല. ശബരിമലയില്‍ ഹൈക്കോടതി ഇടപെടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ പൊലീസിന്റെ ഇടപെടല്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനത്തിന് അവസരം ഒരുക്കിയതില്‍ ഭക്തര്‍ പരസ്യമായി സന്തോഷം പ്രകടിപ്പിക്കുകയാണ്. ഭക്തര്‍ക്ക് സമാധാനപരമായി ശബരിമലയില്‍ പോകാമെന്ന അന്തരീക്ഷം ഉണ്ടായി. ശബരിമലയില്‍ കാണിക്ക ഇടരുതെന്നും അവിടെ പോകരുതെന്നും ചിലര്‍ ആഹ്വാനം ചെയ്തു. ഇതിനെയൊക്കെ അതിജീവിച്ചാണു ഭക്തര്‍ ശബരിമലയില്‍ എത്തിയത്. അവരെ സഹായിക്കാനാണ് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ നിയന്ത്രണം അനിവാര്യമാണ്. അതു പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
കോണ്‍ഗ്രസും ബിജെപിയും ശബരിമലയില്‍ ഒന്നിച്ചാണ് സമരം ചെയ്യുന്നത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങി. കേരളത്തില്‍ നാമജപത്തിന് തടസമില്ല. എന്നാല്‍ അക്രമികള്‍ ശബരിമലയില്‍ നാമം ജപിച്ചാല്‍ അക്രമികളല്ലാതാകില്ല. കേരളത്തില്‍ എവിടെയെല്ലാം നാമജപം നടന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായോ- മുഖ്യമന്ത്രി ചോദിച്ചു.
2013-14ല്‍ 47 കോടി രൂപയാണു സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തിന് അനുവദിച്ചത്. 2014-15ല്‍ 48 കോടി, 2015-16ല്‍ 116 കോടി, 2016-17ല്‍ 131കോടി, 2017-18ല്‍ 202 കോടി രൂപ വീതം സര്‍ക്കാര്‍ ചെലവഴിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണു കൂടുതല്‍ തുക ചെലവഴിച്ചതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു സിപിഐഎം ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് ശോഷിച്ചുപോയി എന്നു പാര്‍ട്ടി നോക്കിക്കാണുന്നില്ല. ബിജെപിയുമായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രവണത കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിധി മുഖ്യമന്ത്രിയും സര്‍ക്കാരും ചോദിച്ച് വാങ്ങിയതാണെന്ന് വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ആര്‍എസ്എസിനെ വളര്‍ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി.എസ്.ശിവകുമാര്‍ ആരോപിച്ചു.
ബിജെപിയുമായി സിപിഐഎം ഒത്തുകളിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഒത്തുകളി നിങ്ങള്‍ തമ്മിലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ശബരിമലയില്‍ അനാവശ്യനിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനെക്കുറിച്ച് ചര്‍ച്ചചെയ്യണമന്നാവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നേരത്തെ അനുമതി നല്‍കി. യുവതീപ്രവേശവിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യം അനുകൂലിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിവിധി നടപ്പാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പാലനത്തിനാണ് നിരോധനാജ്‍ഞ ഉള്‍പ്പെടെ പ്രയോഗിച്ചത്. പൊലീസ് നടപടി സ്വീകരിച്ചതുകൊണ്ടാണ് ചിത്തിര ആട്ടസമയത്തെ സംഭവങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരുന്നത്. അയോധ്യയില്‍ നടന്നതിന് സമാനസാഹചര്യം ശബരിമലയിലുണ്ടാക്കാന്‍ ശ്രമമുണ്ട്. പരസ്യമായ ആചാരലംഘനവും ശബരിമലയില്‍ നടന്നു. നിരോധനാജ്ഞ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയത് ക്രമസമാധാനപാലനത്തിനാണ്.