തിരുവനന്തപുരം: ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേള്‍ക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയതലമുറയിലെ പത്രപ്രവര്‍ത്തകര്‍ അങ്ങനെയായിരുന്നു. ആ സംസ്‌കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞാണ് പിണറായി ഇക്കാര്യം പരാമര്‍ശിച്ചത്. ദൃശ്യമാധ്യമങ്ങളുടെ വരവോടെ ആരാണ് ആദ്യമെന്ന തലത്തിലേക്ക് വാര്‍ത്താരീതി മാറി. പണ്ട് കാലത്ത് ഒരു ദിവസത്തെ മുഴുവന്‍ ശ്രമത്തിന്റെ ഫലമായാണ് പിറ്റേ ദിവസം പത്രങ്ങളിലൂടെ ജനങ്ങള്‍ വാര്‍ത്ത അറിഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ വന്നതോടെ ഇതൊരു മത്സരത്തിന്റെ ഭാഗമായി മാറി. ഇതോടെ വാസ്തവം തിരിച്ചറിയുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം ഇല്ലാതായി.
ഇപ്പോള്‍ നടത്തുന്നതല്ല മാധ്യമ പ്രവര്‍ത്തനമെന്ന് സീനിയര്‍ പത്രപ്രവര്‍ത്തകര്‍ പുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കണം. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളെപ്പറ്റി പലതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. വാര്‍ത്ത കൊടുക്കുന്നതില്‍ സ്വാധീനവും വിലപേശലും നടക്കുകയാണ്. വലിയ മാധ്യമ ഭീമന്മാരെപ്പോലും സമീപിച്ച് വിലയുറപ്പിക്കുന്നു. ഇത് പൊതുരംഗത്തിന് അപകടകരമാണ്. ഇതിന്റെ ഭാഗമായാല്‍ വീഴുന്നത് ചെളിക്കുണ്ടിലേക്കായിരിക്കും. അതുണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.