തിരുവനന്തപുരം: ജിഷ്ണിവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയില്‍ കേരളം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ പോലീസ് നടപടിയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സഖാവുമായ വി എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും മാത്രമല്ല സമരത്തിനെത്തിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുറത്തുനിന്ന് എത്തിയവര്‍ സമരത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെയാണു പൊലീസ് തടയാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിജെപി പ്രവര്‍ത്തകരും എസ്‌യുസിഐ പ്രവര്‍ത്തകരും സ്വാമി ഹിമവല്‍ ഭദ്രാനന്ദ യും സമരത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു.
ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ നടപടിയില്‍ ഐജി മനോജ് ഏബ്രഹാമിനോടു റിപ്പോര്‍ട്ട് തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കും. ഇതോടൊപ്പം പൊലീസ് നടപടിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുന്ന മഹിജയെ കാണാന്‍ പോകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊലീസ് ആസ്ഥാനത്തിനു മുന്‍പില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്കു പങ്കുണ്ടെന്നാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരത്തേ പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരൂര്‍ക്കട ആശുപത്രിയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷമാണു ബെഹ്‌റ മാധ്യമങ്ങളോടു സംസാരിച്ചത്.
തങ്ങളുടെ കൂടെവന്നതു കുറച്ചുപേരാണെന്നും ബാക്കിയുള്ളവരെ അറിയില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് അറിയിച്ചതായി ബെഹ്‌റ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ മാറ്റേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. ഇതിന് സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസെടുത്ത നടപടി സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനിടെ മഹിജയുടെ നാഭിക്കു പൊലീസ് തൊഴിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജിഷ്ണുവിന്റെ ബന്ധുക്കളെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ ഡിജിപിയെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ്. അച്യുതാനന്ദന്‍ ശകാരിക്കുകയുണ്ടായി. ഫോണില്‍ വിളിച്ചു രൂക്ഷമായ ഭാഷയിലാണ് വി എസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു.
ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്.