തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലെ ധര്‍മ്മടത്ത് നിന്നും മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. സിപിഎമ്മിന്റെ ചെങ്കോട്ടയായ ഇവിടെ നിന് തന്നെ ജനവിധ നേടാനാണ് പിണറായിക്കും താല്‍പ്പര്യം. നേരത്തെ പയ്യനൂരില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും പീന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേ സമയം വിഎസ് അച്യുതാനന്ദന്റെ മത്സരകാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെ. അച്യുതാനന്ദന്‍ മത്സരിക്കുമെന്നുറപ്പാണെന്ന് പാര്‍ട്ട് നേതൃത്വം വ്യക്തമാക്കുമ്പോഴും ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ധര്‍മ്മടത്ത് നിന്നും കഴിഞ്ഞ തവണകളില്‍ മത്സരിച്ച കെകെ നാരാണയണന്‍ ഇക്കുറി മത്സര രംഗത്തുണ്ടാകില്ല. തലശ്ശേരിയില്‍ നിന്ന് ഡിവൈഎഫ് ഐ സംസ്ഥാന അധ്യക്ഷന്‍ എ എന്‍ ഷംസീറിനെ മത്സരിപ്പിക്കും.
പിണറായി വിജയന്റെ വീടുള്‍പ്പെടുന്ന ധര്‍മടം മണ്ഡലം 2011 ലെ മണ്ഡല പുനര്‍നിര്‍ണയത്തിലാണ് രൂപം കൊണ്ടത്. പഴയ എടക്കാട്, തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്തു രൂപം കൊടുത്ത ധര്‍മടത്തു കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി 15,612 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 1996ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നാണു പിണറായി വിജയന്‍ അവസാനമായി നിയമസഭയിലേക്ക് മല്‍സരിച്ചത്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ നിന്നു പിണറായി വിജയന്‍ വീണ്ടും മല്‍സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ജന്‍മനാട്ടില്‍ ജനവിധി തേടണമെന്നായിരുന്നു പിണറായിയുടെ മനസ്സറിയുന്ന കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ധര്‍മടവും തലശേരിയുമൊഴികെ ജില്ലയിലെ സിപിഎമ്മിന്റെ നാലു മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാരുടെ പേരു തന്നെയാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ സിപിഎം മല്‍സരിച്ച അഴീക്കോട് സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചിട്ടില്ല. ഈ സീറ്റില്‍ എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സിപിഎം പരിഗണിക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. ശൈലജയുടെ പേര് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പേരാവൂര്‍ മണ്ഡലത്തിലേക്കാണു നിര്‍ദേശിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണനും കെ.കെ. നാരായണനും ഒഴികെ സിപിഎമ്മിന്റെ നാലു സിറ്റിങ് എംഎല്‍എമാരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. അതേ സമയം കെസി ജോസഫിന്റെ പേരില്‍ കാലപമുള്ള ഇരിക്കൂര്‍ മണ്ഡലം ഇത്തവണ സിപി ഐ യില്‍ നിന്ന് വാങ്ങി സ്വതന്ത്രനെ പരീക്ഷിക്കാനും സിപിഎം നീക്കമുണ്ട്. പ്രത്യേക സാഹചര്യത്തില്‍ കെസി ജോസഫിനെതിരെ സ്വതന്ത്രനെ നിര്‍ത്തിയാല്‍ മണ്ഡലത്തില്‍ അട്ടിമറി നടത്താമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു