
‘അമ്മയ്ക്ക് സുഖമില്ല, എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്, പരോള്‍ വേണമെന്ന’ പിണറായിയുടെ അപേക്ഷ വൈറലാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ 1976 നവംബര്‍ ഒന്‍പതിന് അന്നത്തെ കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ പരോള്‍ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിക്ക് എഴുതിയ കത്തിലെ പരോള്‍ അപേക്ഷയാണ് വൈറലായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശനത്തില്‍ ജയില്‍വകുപ്പിന്റെ പവലിയനില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമ്മയുടെ ചികില്‍സയ്ക്കുവേണ്ടി തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് ഇത്.
അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് അന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പിണറായി വിജയനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1975 സെപ്റ്റംബര്‍ 28ന് രാത്രി വീട്ടിലെത്തിയ വന്‍ പൊലീസ് സംഘമാണ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത്. എംഎല്‍എയെന്നോ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ ഉള്ള പരിഗണനകള്‍ നല്‍കാതെ കൊടുംകുറ്റവാളികളോടെന്നപോലെ പൊലീസ് പെരുമാറിയത് അന്ന് വലിയ വിവാദമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ നിയമസഭയില്‍ വലിയ വാക്‌പോരിനും ഈ സംഭവം കാരണമായി. കസ്റ്റഡിയില്‍ ഉടുതുണിപോലും ഉരിഞ്ഞ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിവരിക്കുകയും ചെയ്തിരുന്നു. പിണറായി ഉള്‍പ്പെടെ 10 പ്രതിപക്ഷ എംഎല്‍എമാരെയാണ് അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയ പവലിയനില്‍ സി.അച്യുതമേനോന്‍, എസ്.കെ. പൊറ്റെക്കാട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയില്‍ രേഖകളും കാണാം.